‘രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാർ, ഇന്ത്യയുടെ നിലവിലെ സ്ഥിതി പരിതാപകരം ‘; മുഖ്യമന്ത്രി

രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാരെന്നും ആ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് അവർ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിലിൽ നിന്ന് പുറത്തായവരാണ് സംഘപരിവാർ നേതാക്കളെന്നും ആ നേതാവിനെ മഹത്വവൽക്കരിക്കാൻ ആണ് സംഘപരിവാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് വേണ്ടാത്ത കാര്യത്തിന് തങ്ങളുടെ അധ്വാനം ചിലവഴിക്കരുത് എന്നായിരുന്നു ആർഎസ്എസിൻ്റെ നയം. ആർഎസ്എസിൻ്റെ തല തൊട്ടപ്പൻ തന്നെ ഇത് യുവാക്കളോട് പറഞ്ഞു. രൂഢമൂലമായി കിടക്കുന്ന ചതുർവർണ്യ മനസ്ഥിതിയാണ് സംഘപരിവാറിനുള്ളത്.
പട്ടികജാതി പട്ടികവർഗങ്ങളൊക്കെ ചാതുർവർണ്യത്തിന് പുറത്തുള്ളവരാണ്.
അവരെ മനുഷ്യരായി കാണാൻ ചാതുർവർണ്യം അംഗീകരിക്കുന്നവർക്ക് കഴിയില്ല.
സംഘപരിവാറിൻ്റെ ആ മനസ്സിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അതിൻ്റെ ഭാഗമായാണ് അംബേദ്കറെ ഇപ്പോഴും അവർ അപഹസിക്കുന്നത്. മാത്രമല്ല, ആർഎസ്എസിന് ഭരണഘടനയോട് പരമ പുച്ഛമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷത രാജ്യത്തിന് വേണ്ട എന്നാണ് ആർഎസ്എസിൻ്റെ വാദം. പകരം മതാധിഷ്ഠിത രാജ്യം ആകണം ഇന്ത്യ എന്നതാണ് ആർഎസ്എസിൻ്റെ ആഗ്രഹം.
മതരാഷ്ട്രവാദം ആണ് ആർഎസ്എസ് തുടക്കം മുതൽ പറഞ്ഞത്. ഇതേ നിലപാടാണ് സ്വാതന്ത്ര്യാനന്തരം ജമാഅത്തെ ഇസ്ലാമിയും ഉന്നയിച്ചത്. സംഘപരിവാറിന് ജനാധിപത്യരീതിയോട് ബഹുമാനമില്ലെന്നും ഇന്ത്യയുടെ നിലവിലെ സ്ഥിതി പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്തെ ശത്രുക്കളുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണെന്നും ബിജെപിയ്ക്കും കേരളത്തിലെ ജനങ്ങളോട് ശത്രുത വർധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലടക്കം കേന്ദ്രത്തിൻ്റെ അവഗണന തുടരുകയാണെന്നും പ്രധാനമന്ത്രി വന്നു സന്ദർശിച്ചു പോയിട്ടും ഒരു ചില്ലിക്കാശ് പോലും കേരളത്തിന് തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനസഹായത്തിനായി കേരളം പ്രതീക്ഷയോടെ കാത്തിരുന്നിരുന്നു.
മറ്റു സംസ്ഥാനങ്ങൾക്കൊക്കെ കേന്ദ്രം സഹായം കൊടുത്തെന്നും എന്നാൽ കേരളത്തിന് തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് കേരളത്തിൻ്റെ കുറവ്? ഈ രാജ്യത്തിൻ്റെ ഭാഗമല്ലേ കേരളം? കേരളത്തിന് എന്തെങ്കിലും കുറവുണ്ടോ? ഉണ്ടെങ്കിൽ അത് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും തലയുയർത്തി നിൽക്കുകയാണ് കേരളം.
എന്തിനാണ് കേരളത്തിനോട് ഈ അവഗണനയെന്നും മുഖ്യമന്ത്രി ചോദിച്ചു. തുടർന്ന് സംസ്ഥാനത്തെ ബിജെപിയെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ‘ദുരന്തങ്ങൾ നടന്ന മറ്റു സംസ്ഥാനങ്ങളിൽ എല്ലാ പാർട്ടികളും കേന്ദ്രത്തിൻ്റെ സഹായം വേണമെന്ന് ഒന്നിച്ച് ആവശ്യപ്പെടുന്നവരാണ്. എന്നാൽ, നമ്മുടെ സംസ്ഥാനത്തെ സ്ഥിതി ആലോചിച്ചു നോക്കൂ, ഇവിടെ ബിജെപിക്ക് ജനങ്ങൾ പിന്തുണ നൽകുന്നില്ല. അതുകൊണ്ട് തന്നെ ബിജെപിക്ക് കേരളത്തിലെ ജനങ്ങളോട് ശത്രുത വർധിക്കുന്നു. ബിജെപി കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് ഒപ്പമല്ല.
തെരഞ്ഞെടുപ്പിൽ പിന്തുണ കിട്ടുന്നില്ല എന്ന് കരുതി കേരളത്തിന് അർഹതപ്പെട്ടത് നൽകാതിരിക്കാമോ എന്നും കേരളം അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായം നൽകാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. തലയിൽ കൈവച്ച് സങ്കടപ്പെട്ടിരിക്കില്ല. ഈ നാട് അതിജീവിക്കും. പ്രളയകാലത്ത് അതി ജീവിച്ചില്ലേ, അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ അതൊക്കെ ഈ സർക്കാർ നടപ്പിലാക്കുമെന്നും ലോകത്തിന് മാതൃകയായ ടൗൺഷിപ്പ്
വയനാട്ടിൽ നിർമിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : pinarayi vijayan rss have no claim in countrys freedom struggle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here