മോശം പ്രകടനം ‘ബേബി ജോൺ’ സിനിമക്ക് പകരം ബോളിവുഡിൽ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ

വരുൺ ധവാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മാർക്കോയുടെ ഹിന്ദി പതിപ്പ് ആണ് പ്രദർശിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. വരുൺ ധവാൻ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.
കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ദിവസം തന്നെ 4.3 കോടി രൂപ നേടുകയും ആദ്യ ആഴ്ച്ച മുഴുവൻ മികച്ച പ്രകടനം കാഴ്ചവച്ചു.
വലിയ ക്യാൻവാസിൽ എത്തിയ വരുൺ ധവാൻ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോർട്ടുകളാണുള്ളത്. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുകയാണ്. മാർക്കയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന്റെ ഘടകമാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം മാർക്കോയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്ത് വന്നിരുന്നു. മാര്‍ക്കോ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിന് മുമ്പ് ഒരു സിനിമയെക്കുറിച്ചും കേട്ടിട്ടില്ലെന്നാണ് രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്. ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നെന്നും ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് നടനെ ടാഗ് ചെയ്ത് രാംഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്.
Story Highlights : baby john replaced by hindi version of unni mukundans marco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here