മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ പത്തു വയസുകാരന്‍ മരിച്ചു; കുട്ടിയെ പുറത്തെത്തിച്ചത് 16 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍

മധ്യപ്രദേശ് ഗുണയില്‍ കുഴല്‍ക്കിണറില്‍ വീണ പത്തുവയസുകാരന്‍ മരിച്ചു. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.16 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍ ആണ് കുട്ടിയെ പുറത്തെടുത്തത്. ഇന്നലെ വൈകിട്ടാണ് കുട്ടി കുഴല്‍ കിണറിനകത്തേക്ക് വീണത്.
ഗുണ ജില്ലയിലെ പിപ്ലിയ ഗ്രാമത്തില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പത്ത് വയസുക്കാരന്‍ സുമിത് മീണ പട്ടം പറത്തുന്നതിനിടയില്‍ കുഴല്‍ക്കിണറില്‍ വീണത്. 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തന ദൗത്യം. കുഴക്കിണറിനകത്ത് ഓക്‌സിജന്‍ സൗകര്യം രക്ഷാപ്രവര്‍ത്തന സംഘം ഏര്‍പ്പെടുത്തിയിരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
16 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ ഇന്ന് രാവിലെ 9 മണിയോടെ കുട്ടിയെ പുറത്ത് എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്ത കുട്ടി രഘോഗഡിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കളിക്കാന്‍ പോയ സുമിത് മീണയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടി കുഴല്‍ കിണറില്‍ അകപ്പെട്ട വിവരം അറിയുന്നത്.
Story Highlights : Boy Rescued From Borewell In Madhya Pradesh Dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here