മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിൽ ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകൾക്ക് മുൻകൂർ പണം നൽകണമെന്ന് കൂടി പറയുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിര ആയവരെ പുനരധിവസിപ്പിക്കാൻ 2 എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ അനുമതി നൽകി ഈ മാസം 27ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ട് തരത്തിലുളള പരാമർശങ്ങളാണ് വിധിയിലുളളത്. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം ഏറ്റെടുക്കാനുളള സർക്കാർ തീരുമാനം ഹൈകോടതി ശരിവെയ്ക്കുന്നുണ്ട്.
എന്നാൽ ഡി.എം.ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് മുൻകൂർ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരും എസ്റ്റേറ്റ് ഉടമകളും തമ്മിൽ ഇപ്പോൾ തന്നെ കേസുണ്ട്. കേസിൽപ്പെട്ട ഭൂമി ഏറ്റെടുക്കുമ്പോൾ കോടതിയിൽ പണം കെട്ടിവെയ്ക്കുന്നതാണ് നിലവിലുളള കീഴ് വഴക്കം.എന്നാൽ കേസിൽ തീർപ്പ് വരുന്നതിന് മുൻപ് തന്നെ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ഇതിനൊപ്പം ഉടമകളുമായി ബോണ്ട് ഒപ്പിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിൽ
ബോണ്ട് ഒപ്പിടുന്ന രീതിയില്ല. ഇതാണ് ആശയ കുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്.
Read Also: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ: അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിച്ച് കേന്ദ്രം
ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ തീർപ്പാകുന്നതിന് മുൻപേ നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാന താൽപര്യത്തിന് ഗുണകരമല്ലെന്നാണ് റവന്യു വകുപ്പിന്റെ അഭിപ്രായം. വിധി എതിരാണെങ്കിൽ പണം തിരികെ നൽകണമെന്നാണ് കോടതി പറയുന്നത്. LARR ആക്ട് പ്രകാരമുളള മുൻകൂർ അഡ്വാൻസ് ഭീമമായ തുക വരും.ഇതിനൊപ്പം നിശ്ചിത ശതമാനം അഡീഷണൽ കോംപെൻസേഷനും നൽകണം. സിവിൽ കേസ് തീർപ്പാകാൻ കൊല്ലങ്ങളെടുക്കും. അത്രയും കാലം ഈ തുക എസ്റ്റേറ്റ് ഉടമകളുടെ കൈവശമാകും.
ഇനി വിധി അനുകൂലമായാൽ തന്നെ മുതൽ മാത്രമേ തിരികെ കിട്ടു, പലിശ നഷ്ടമാകും. ഇതൊന്നും സംസ്ഥാന താൽപര്യത്തിന് യോജ്യമല്ലെന്ന് റവന്യുവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി ഉത്തരവിൽ എന്തുവേണമെന്ന് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. അപ്പീൽ പോകണമെന്നതടക്കുളള കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽഎസ്റ്റേറ്റുകൾക്ക് മുൻകൂർ നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസായവകുപ്പിൻെറ താൽപര്യമെന്നാണ് സൂചന.
Story Highlights : Wayanad Rehabilitation Confusion over High Court order on acquisition of estate land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here