Advertisement

വിജയ് ഹസാരെ ക്രിക്കറ്റിലും കേരളം ബംഗാളിനോട് തോറ്റു; 24 റണ്‍സിന്റെ പരാജയം സജ്ഞു സാംസണ്‍ ഇല്ലാതെ

December 31, 2024
1 minute Read
Vijay Hazare Match

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ സഞ്ജു കേരളത്തിന്റെ വീണ്ടും തോല്‍വി. സജ്ഞു സാംസണിന്റെ അഭാവത്തില്‍ ഹൈദരാബാദില്‍ ഇറങ്ങിയ കേരളത്തെ 24 റണ്‍സിനാണ് ബംഗാള്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ കേരളം 46.5 ഓവറില്‍ 182 റണ്‍സിന് എല്ലാവരും പുറത്താകുകായിരുന്നു. 103 പന്ത് നേരിട്ട് 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഷോണ്‍ റോജര്‍ 29 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 26 റണ്‍സും നേടി. രോഹന്‍ കുന്നുമ്മല്‍ 17 റണ്‍സെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 13 റണ്‍സിന് പുറത്തായി. ആദിത്യ സര്‍വതെ പതിനാലും ഷറഫുദ്ദീന്‍ പതിമൂന്നും റണ്‍സ് നേടി. ബംഗാളിനായി സയന്‍ ഘോഷ് 7.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് പൊരുതിനിന്ന പ്രദീപ്ത പ്രമാണിക്കാണ് ബംഗാളിന്റെ സ്‌കോര്‍ 200 കടത്തിയത്. 82 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സറുകളും അടക്കം 74 റണ്‍സുമായി പ്രദീപ്തയാണ് പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 101 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബംഗാളിനെ എട്ടാം വിക്കറ്റില്‍ കൗശിക് മെയ്തിയെ കൂട്ടുപിടിച്ച് പ്രദീപ്ത കര കയറ്റുകയായിരുന്നു. 95 പന്തുകള്‍ നേരിട്ട് ഇരുവരും 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കൗശിക് 50 പന്തില്‍ 27 റണ്‍സ് നേടി. കേരളത്തിനായി എം.ഡി നിതീഷ് പത്ത് ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജലജ് സക്സേന, ബേസില്‍ തമ്പി, ആദിത്യ സര്‍വതെ എന്നിവര്‍ ബംഗാളിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണില്‍ ആദ്യമത്സരത്തില്‍ ശക്തരായ ബറോഡയോട് 62 റണ്‍സിന് തോറ്റിരുന്നു.

Story Highlights: Bengal defeated Kerala in the Vijay Hazare Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top