Advertisement

ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാര്‍ക്കറ്റ്.. വയനാട് ടൗണ്‍ഷിപ്പ് മാതൃക വിവരിച്ച് മുഖ്യമന്ത്രി; ടൗണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം

January 1, 2025
Google News 2 minutes Read
wayanad

പുതുവത്സരദിനത്തില്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക. കല്‍പറ്റയില്‍ അഞ്ച് സെന്റിലും നെടുമ്പാലയില്‍ പത്ത് സെന്റിലും ആയിരം സ്‌ക്വയര്‍ഫീറ്റില്‍ ക്ലസ്റ്റര്‍ രൂപത്തിലാവും വീടുകളൊരുങ്ങുക. മുണ്ടക്കൈ-ചൂരല്‍മല പ്രദേശവാസികള്‍ക്ക് ആശ്വാസമായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും എത്ര വീടുകള്‍ നിര്‍മിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീടുകളുടെ എണ്ണം പിന്നീട് നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതോടൊപ്പം കേന്ദ്രം അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചെങ്കിലും കത്തില്‍ സഹായത്തെക്കുറിച്ച് സൂചനയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. വായ്പ എഴുതിതള്ളുന്നതിലും മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടത്താനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചതെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരെയും ഒരേയിടത്ത് പുനരധിവസിപ്പിക്കാവുന്ന രീതിയില്‍ ഭൂമി കണ്ടെത്താന്‍ വയനാട്ടില്‍ പ്രയാസമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി

വീടുവച്ച് നല്‍കുക മാത്രമല്ല പുനരധിവാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉദ്ദേശം. അതിന് സഹായവുമായി മുന്നോട്ട് വരുന്ന എല്ലാവരെയും ചേര്‍ത്ത് പിടിക്കും. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തത്. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം വഴിയാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത് – മുഖ്യമന്ത്രി വിശദമാക്കി.

എല്‍സ്റ്റേണ്‍ എസ്റ്റേറ്റില്‍ 58.5, ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ച് സെന്റും നെടുമ്പാലയില്‍ പത്ത് സെന്റുമായിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്ക് പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ ഇവയെല്ലാം സജ്ജമാക്കും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് 2025 ജനുവരി 25നകം പുറത്തിറക്കാന്‍ കഴിയും വിധമാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്ക് തന്നെയായിരിക്കും: ഭൂമി ഉടമകളില്‍ നിന്ന് അന്യം നിന്നു പോകില്ല. ദുരന്തനിവാരണ വകുപ്പ് ടൗണ്‍ഷിപ്പ് ഭരണ വകുപ്പായി ചുമതലപ്പെടുത്തി. നിര്‍മ്മാണം ഊരാളുങ്കല്‍ സൊസൈറ്റിയും മേല്‍നോട്ടം കിഫ്‌കോണും നിര്‍വഹിക്കും.

പുനരധിവാസത്തിന്ന് ത്രിതല സംവിധാനമാണ് നടപ്പാക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ സമിതി, നിര്‍മ്മാണ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷതയിലുള്ള സമിതി, കളക്ടറുടെ നേതൃത്വത്തില്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി എന്നിവയാണവ. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ പ്രത്യേക അക്കൗണ്ട് തുറക്കും. ഗുണ്ടഭോക്തൃ പട്ടിക രണ്ട് ഘട്ടമായായിരിക്കും. പുനരധിവാസം ഒറ്റ ഘട്ടമായി നടത്തും. സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ ഉണ്ടാകും. സ്പോണ്‍സര്‍മ്മാരുടെ യോഗം ചേര്‍ന്നു – മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : CM explain wayanad township model

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here