കാമുകിയെ ‘ഇംപ്രസ്’ ചെയ്യാൻ സിംഹക്കൂട്ടില്‍ കയറി; യുവാവിന് ദാരുണാന്ത്യം

കാമുകിയെ സന്തോഷിപ്പിക്കാനായി സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ സിംഹങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഉസ്ബകിസ്താനിലാണ് സംഭവം ഉണ്ടായത്. ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനാണ് തൻ്റെ കാമുകിയെ ഇംപ്രസ് ചെയ്യാൻ നോക്കി ജീവൻ വെടിഞ്ഞത്. മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ മുൻപിൽ ആളാകാനാണ് ഇയാൾ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ.
രാത്രി ഷിഫ്റ്റിൽ മൃഗശാലയിൽ ജോലിക്കു കയറിയ ഐറിസ്കുലോവ് പുലർച്ചെ അഞ്ചുമണിക്കാണ് ഇയാൾ സിംഹത്തിന്റെ കൂട്ടിൽ കയറിയത്. കയ്യിൽ ക്യാമറയുമായി ഇയാൾ എത്തിയപ്പോൾ മൂന്ന് സിംഹങ്ങൾ കൂട്ടിലുണ്ടായിരുന്നു. ആദ്യം അവ ഉപദ്രവിക്കുന്ന ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
സിംഹങ്ങളാൽ ചുറ്റപ്പെട്ടിട്ടും, ഐറിസ്‌കുലോവ് വലിയ ആത്മവിശ്വാസത്തോടെയാണ് ആ രംഗങ്ങൾ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നത്. സിംഹങ്ങളിലൊന്നിനെ ഇയാൾ സിംബ എന്നു വിളിക്കുന്നത് വിഡിയോയിലുണ്ട്. പിന്നീട് ആക്രമിക്കപ്പെട്ട് ഉച്ചത്തിൽ നിലവിളിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.
ഐറിസ്‌കുലോവിനെ ആക്രമിച്ച് കൊലപ്പെടുത്തി സിംഹങ്ങൾ അയാളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു. നിയന്ത്രിക്കാനാകാത്ത വിധം അക്രമാസക്തരായ സിംഹങ്ങളിലൊന്നിനെ രക്ഷാപ്രവർത്തകർ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണം ശാന്തമാവുകയും ചെയ്തു.അവശേഷിച്ച രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും മൃഗശാല അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Story Highlights : man entered lions cage to impress girlfriend eaten alive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here