യെമനിൽ നിമിഷ പ്രിയക്ക് സംഭവിച്ചതെന്ത്? മഹ്ദിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ത്? പ്രതീക്ഷകൾ അവസാനിച്ചോ?
ഇന്ന് ലോകം ഉറ്റുനോക്കുന്നത് നിമിഷ പ്രിയ കേസിലേക്കാണ്. ആരാണ് നിമിഷ പ്രിയ? എന്താണ് അവർ ചെയ്ത കുറ്റം? തൂക്കുകയറിൽ നിന്ന് ഇനി ഒരു മോചനത്തിന് സാധ്യതയോ? പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു , അത് പടുത്തുയർത്താൻ വേണ്ടി ഏറെ പ്രതീക്ഷകളോടെ 2019-ൽ നാട് വിട്ട മലയാളി യുവതി. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ ആണ് വിവാഹം കഴിച്ചത്. 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെയാണ് യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുന്നത് .
യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതുകൊണ്ടാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് ആ യാത്ര മുടങ്ങി.
2017 ജൂലൈ 25 ൽ ആയിരുന്നു സംഭവം. ബിസിനസ് പങ്കാളിയെന്ന നിലയിൽ ആദ്യമൊക്കെ മാന്യമായി പെരുമാറിയിരുന്നെങ്കിലും പതുക്കെ നിമിഷയോടുള്ള പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിത്തുടങ്ങി. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിക്കുകയും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും പിന്നീട് ഭീക്ഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. പാസ്പോർട്ട് കൈക്കലാക്കുകയും, ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവനും സ്വന്തമാക്കുകയും ചെയ്തു. അതുകൂടാതെ നിരന്തരമായുള്ള ഉപദ്രവവും.
ജീവൻ അപകടത്തിലാകും എന്ന ഘട്ടത്തിലാണ് നിമിഷ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഒരു ദിവസം അനസ്തേഷ്യക്കുള്ള കെറ്റാമൈൻ മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന യെമൻ സ്വദേശിയായ ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നശിപ്പിക്കാൻ മാർഗങ്ങളില്ലാതെ വന്നപ്പോൾ കഷ്ണങ്ങളാക്കി മുറിച്ച പ്ലാസ്റ്റിക് കവറുകളിൽ ആക്കിയ ശേഷം വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. ശേഷം അവിടെ നിന്നും സ്ഥലം വിട്ട് നിമിഷപ്രിയ 200 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ജോലിക്ക് ചേർന്നു.
ഇതിനിടെ തലാലിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചിത്. സംഭവത്തിനുശേഷം നിമിഷയുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു, അത് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കേസ് നടപടികൾ വന്നതും കീഴ് കോടതി വധശിക്ഷയ്ക്ക്. വിധിച്ചതും.
അങ്ങനെ യെമനിൽ വെച്ചുതന്നെ നിമിഷ പ്രിയ ജയിൽ തടങ്കലിൽ ആവുന്നു പിന്നീട് വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും 2020ൽ യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖേന യെമൻ സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. തുടർന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2021മുതൽ ആക്ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നു. ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാൽ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാൾ ഉൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചർച്ചയാരംഭിച്ചു, 40,000 യുഎസ് ഡോളർ വേണമെന്ന് സാമുവൽ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു. ദയാധനം [ബ്ലഡ് മണി ] എന്നാണ് ഇതിനെ വിളിക്കുക. ആദ്യഘട്ടമായി നൽകേണ്ട 20,000 ഡോളറിൽ 19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി. എന്നാൽ രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടതോടെ ശ്രമങ്ങൾ നിശ്ചലമായി.
നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റഷാദ് അൽ അലീമിയുടെ അനുമതി. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവൻമാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾക്ക് ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. ഡൽഹി ഹൈക്കോടതി അനുമതി നൽകിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്. സമാനമായ സംഭവമാണ് സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റേത്. എന്നാൽ ഇവിടെ ദയാധനം കൊല്ലപ്പെട്ട കുടുംബത്തിന് നൽകിക്കഴിഞ്ഞു ,മോചനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനാണ് കാത്തുനിൽക്കുന്നത്.
അബ്ദുൽ റഹീമിനെ പോലെ നിമിഷ പ്രിയ കേസിലും ദയാധനം സമാഹരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ നിമിഷ പ്രിയയുടെ മോചനം എളുപ്പമായേനെ എന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറയുന്നു. മോചനത്തിനായി എംബസി അധികൃതരും നിയമ വിദഗ്ധരും തമ്മിൽ കൂടിക്കാഴ്ച നടത്തി, യമൻ സർക്കാർ പ്രതിനിധികളുമായും മോചനത്തിനായുള്ള സാധ്യത തേടുന്നുണ്ട്. മകളുടെ ജീവനുവേണ്ടി അപേക്ഷിച്ചു അമ്മ. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളതെന്നും നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു.
സംഭവത്തെ തുടർന്ന് നിമിഷയുടെ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ. “സംഭവം നടന്നതിനെ കുറിച്ച് വന്ന വാർത്തകൾ എല്ലാം തെറ്റാണെന്ന് ഉറപ്പിച്ചു പറയാൻ ആകും, ഞാൻ രണ്ടുവർഷം അവിടെ പോയി ജോലി ചെയ്തതാണ്. ഞങ്ങൾ രണ്ടുപേരും കൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ക്ലിനിക് തുടങ്ങുക എന്നത്. അവൾക്ക് അതിന് കഴിയും എന്ന് ഉറപ്പുണ്ടായിരുന്നു. അത്ര മിടുക്കിയായിരുന്നു. അവളുടെ വിധി ഇങ്ങനെ ആയിപ്പോയി”.
ഇനി ഒരു വഴിത്തിരുവിനു സാധ്യതയോ?
എല്ലാവരും ഒരുപോലെ ഉറ്റുനോക്കുകയാണ് നിമിഷ പ്രിയയുടെ മോചനം. വധശിക്ഷക്കുള്ള അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു വലിയ തുക സ്വരുക്കൂട്ടാൻ സാധിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉണ്ട്. കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദി ഒരു യെമൻ പൗരൻ ആയതുകൊണ്ടും ദയാധനം സ്വരൂപിച്ചു നൽകാൻ കഴിയാത്തതിനാലും യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്നുള്ളത് ആശങ്കാജനകമാണ് .ഇന്ത്യൻ ഗവണ്മെന്റിന്റെ ശക്തമായ ഇടപെടൽ കൊണ്ടും ഒരുപക്ഷേ മോചനം സാധ്യമാകാം എന്നും ജനങ്ങൾക്കിടയിൽ ഒരു ചർച്ചയുണ്ട് . പ്രതീക്ഷയുടെ ഒരു കണിക എങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകട്ടെ എന്നാശിക്കാം പ്രാർത്ഥിക്കാം …
(തയ്യാറാക്കിയത് – ശ്രീനന്ദ)
Story Highlights : What happened to Nimisha Priya in Yemen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here