ഐ ലീഗിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഗോകുലം കേരള FC ഇന്നിറങ്ങും; എതിരാളികൾ ഡൽഹി എഫ്സി

ഐ ലീഗ് ഫുട്ബോളിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സി ഇന്നിറങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന എവേ പോരാട്ടത്തിൽ ഡൽഹി എഫ്സിയാണ് എതിരാളികൾ. മിന്നും ജയത്തോടെ സീസൺ തുടങ്ങിയ ഗോകുലം കേരള എഫ്സിക്ക് പിന്നെ നടന്ന അഞ്ച് കളിയും നിരാശയുടേതായിരുന്നു. നാല് മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങിയപ്പോൾ ഒന്നിൽ തോറ്റു.
ഏഴ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് നിലവിൽ മുൻ ചാമ്പ്യന്മാർ. ഇടവേള കഴിഞ്ഞെത്തുന്ന ലീഗിൽ ജയമില്ലാത്ത കാലത്തിനും ഇടവേള നൽകാമെന്ന പ്രതീക്ഷയിലാണ് ഡൽഹി എഫ്സിക്കെതിരെ മലബാറിയൻസ് ബൂട്ടുകെട്ടുന്നത്. അവസരങ്ങൾ മുതലെടുക്കാനാകാത്ത മുന്നേറ്റനിരയും പ്രതിരോധത്തിലെ പാളിച്ചകളും ഒരുപോലെ തിരിച്ചടിയാവുന്നുണ്ട് ഗോകുലത്തിന്. അഞ്ച് ഗോളടിച്ചപ്പോൾ അത്ര തന്നെ ഗോളാണ് ടീം വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിലെത്തിയ സൌരവ് മണ്ഡലിനെ മുന്നേറ്റങ്ങളുടെ മൂർച്ച കൂട്ടുമെന്ന് കരുതാം. ക്യാപ്റ്റൻ സെർജിയോയും മഷൂർ ഷെരീഫും വി.പി.സുഹറുമെല്ലാം മിന്നിച്ചാൽ രണ്ടാം ജയം അകലെയല്ല. ആറ് കളിയിൽ രണ്ട് ജയം ഉൾപ്പടെ എട്ട് പോയിന്റുമായി ഗോകുലത്തേക്ക് ഒരു പടി മുന്നിലാണ് ഡൽഹി എഫ്സി. മത്സരം സ്വന്തം തട്ടകത്തിലെന്നതും ഡൽഹിക്ക് ആത്മവിശ്വാസം നൽകും.
Story Highlights : I-League Gokulam Kerala FC vs Delhi FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here