Advertisement

ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ

January 8, 2025
Google News 2 minutes Read

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. രാവിലെ എട്ട് മണിക്കും എട്ടേമുക്കാലിനും ഇടയിൽ ആകും പരീക്ഷണം. ബെംഗളുരുവിലെ ഇസ്ട്രാക്കിൽ വച്ചാകും ഡോക്കിങ് പരീക്ഷണം നിയന്ത്രിക്കുക. ഇന്നലെ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം പേടകങ്ങൾ കൃത്യമായ അകലത്തിൽ എത്താത്തതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.

ദൗത്യം വിജയിച്ചാൽ സ്പെയിസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഐഎസ്ആർഒ ചെയർമാൻ ആയുള്ള എസ് സോമനാഥിന്റെ ഔദ്യോഗിക കാലാവധിയിലെ അവസാന ബഹിരാകാശപരീക്ഷണമാണിത്. 2024 ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഐഎസ്ആർഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങൾ കൂട്ടിച്ചേർക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഐഎസ്ആർഒ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന 2 പേടകങ്ങൾ കൂട്ടിച്ചേർക്കുന്നതാണ് ഈ ദൗത്യം. ഏകദേശം 220 കിലോ ഭാരമുള്ള ചേസർ SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. PSLV- c60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ ഉയരത്തിൽ ഡോക്ക് ചെയ്യാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.

സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്‌സിനൊപ്പം അയച്ചിരുന്ന റോബോട്ടിക് ആം വിജയകരമായി പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരത്തെ വി.എസ്. എസ് സിയിൽ വികസിപ്പിച്ചെടുത്തതാണ് റോബോട്ടിക് ആം. അത്യാധുനിക സെൻസറുകളും ക്യാമറകളും ഉപയോഗിച്ചു ഭ്രമണപഥങ്ങളിൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന വസ്തുക്കളെ കണ്ടെത്തി പിടിച്ചെടുക്കുയാണ് റോബോട്ടിക് ആം ചെയ്യുന്നത്. പ്രവർത്തന കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ നിന്നു നീക്കുന്ന ഡീ ഓർബിറ്റിങ് സാങ്കേതിക വിദ്യയിൽ ഏറെ നിർണായകമായ പരീക്ഷണമാണ് ഐഎസ്ആർഒ വിജയകരമാക്കിയത്.

Read Also: ISRO’s SpaDeX Mission Set For Historic Satellite Docking tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here