പുഷ്പ 2 വിന്റെ 20 മിനുട്ട് വരുന്ന കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ വേർഷൻ റിലീസിന്

ഇന്ത്യൻ സിനിമയിൽ ചരിത്രത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമെന്ന പെരുമ മുഴങ്ങി കേട്ട് തുടങ്ങിയപ്പോഴേ, പുഷ്പ ഫാൻസിനു പുതിയ സന്തോഷ വാർത്ത. ഇത് വരെ ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്ന 20 മിനുട്ട് വരുന്ന അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ പതിപ്പ് ഉടൻ റിലീസ് ചെയ്യും. മൂന്നര മണിക്കൂറിനു മുകളിൽ ദൈർഘ്യം വരുന്നതിനാൽ, ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കേണ്ടി വന്നിരുന്നു. പുഷ്പയുടെ ട്രൈലറിൽ ഉണ്ടായിരുന്ന ചില ഷോട്ടുകൾ സിനിമയിൽ ഉൾപ്പെടുത്താതിൽ അല്ലു അർജുൻ ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. കൂടാതെ അല്ലു അർജുന്റെ ജപ്പാനിൽ വെച്ചുള്ള ഇൻട്രൊഡക്ഷൻ സീനിലെ സംഘട്ടനരംഗത്തെ പറ്റിയും ധാരാളം ആശയക്കുഴപ്പങ്ങൾ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ പതിപ്പിന്റെ അറിയിപ്പ് പോസ്റ്ററിൽ ആ ഫൈറ്റ് സീനിലെ ഗെറ്റപ്പിലാണ് അല്ലു അർജുനെ കാണാവുന്നത്. മാത്രമല്ല സീനിന്റെ അന്ത്യത്തിൽ കടലിലേക്ക് വീഴുന്ന രംഗത്തിന്റെ തുടർച്ച പോലെ നനഞ്ഞൊലിച്ചാണ് അല്ലു അർജുന്റെ നിൽപ്പും. പോസ്റ്റർ റിലീസ് ചെയ്തതോടെ പലവിധ നിഗമനങ്ങളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ബാഹുബലി 2, ഏഴ് വർഷമായി സ്വന്തമാക്കി വെച്ച റെക്കോർഡിനെ കട പുഴക്കിയ പുഷ്പ 2 ദി റൂളിന്റെ കുതിപ്പ് അടുത്തെങ്ങും നിൽക്കുന്ന മട്ടില്ല എന്നാണ് സിനിമാപ്രേമികളുടെ സംസാരം. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിനെ ചിത്രത്തിൽ അവതരിപ്പിച്ച വിധം മലയാളികൾക്ക് അത്ര ഇഷ്ടമായില്ല എന്ന രീതിയിൽ സംസാരമുണ്ടായിരുന്നു.തെലുങ്കിലും തമിഴിലും ഹിന്ദിയിലും ചിത്രം റെക്കോഡുകൾ പൊളിച്ചടുക്കിയപ്പോൾ കേരളത്തിൽ സമ്മിശ്ര പ്രതികരണവും ആയിരുന്നു. ട്രൈലറിൽ ഫഹദ് ഫാസിൽ ഒരു പുഴയിൽ കുളിച്ചുകൊണ്ടിരുന്ന, തിയറ്ററുകളിൽ കട്ട് ചെയ്ത രംഗമടക്കം സ്‌ക്രീനിൽ കാണാൻ മലയാളികളും കാത്തിരിക്കുന്നുണ്ട്.

Story Highlights :പുഷ്പ 2 വിന്റെ 20 മിനുട്ട് വരുന്ന കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ വേർഷൻ റിലീസിന്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here