Advertisement

പ്രണയവും വിരഹവും സംഗീതമാക്കിയ സ്വരമാധുരി; 5 ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങൾ

January 9, 2025
Google News 1 minute Read

അഞ്ച് പതിറ്റാണ്ടിലേറെയായി മറക്കാനാകാത്ത നിത്യസുന്ദരഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മഹാഗായകനാണ് പി ജയചന്ദ്രൻ. പ്രണയവും വിരഹവും നിറഞ്ഞ പാട്ടുകളിലൂടെ സംഗീത ലോകത്തെ ഭാവഗായകനായി പി ജയചന്ദ്രൻ മാറി.പി ജയചന്ദ്രന്റെ ശബ്ദം കേട്ടു ഹർഷബാഷ്പം തൂകിയിരുന്ന മലയാളികളെല്ലാം ഇന്ന് സങ്കടക്കണ്ണീർ പൊഴിക്കുകയാകും. വൻമലകൾക്കും കൊടുമുടികൾക്കും നടുവിൽ തണുത്ത കാറ്റുപോലെ കഴിഞ്ഞപതിറ്റാണ്ടുകളിൽ ഒഴുകുകയായിരുന്നു പി ജയചന്ദ്രന്‍റെ ശബ്ദം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രൻ ജീവൻ നൽകിയത്.

1965 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി.ഭാസ്കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ടു പാടി. ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജൻ കളിത്തോഴൻ എന്ന ചിത്രത്തിൽ അവസരം നൽകി. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു അത്. ആ പാട്ടാണ് ജയചന്ദ്രൻ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രൻ ജോലി വിട്ട് സംഗീതരംഗത്തു തുടർന്നു.

മഞ്ഞലയിൽ മുങ്ങിത്തോർത്തി, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, ആരാരും കാണാതെ ആരോമൽ തൈമുല്ല,എന്തേ ഇന്നും വന്നീല, തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ. 2008 ൽ എ. ആർ. റഹ്മാൻ സംഗീതത്തിൽ അൽക യാഗ്നിക്കിനൊപ്പം പാടി ഹിന്ദി ഗാനരംഗത്തെത്തി. ജെ സി ഡാനിയേൽ പുരസ്കാരം ,കലൈമാമണി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഭാവഗായകനെ തേടിയെത്തി. 1960 കളില്‍ തുടങ്ങിയ സംഗീത യാത്ര അനസ്യൂതം തുടരുകയാണ്.

Story Highlights : Legendary singer P Jayachandran songs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here