Advertisement

പെരിയ ഇരട്ടക്കൊലക്കേസ്: കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി; മാലയിട്ട് സ്വീകരിച്ച് നേതാക്കള്‍

January 9, 2025
Google News 2 minutes Read
periya

പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരായി. മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ഇവരെ സ്വീകരിച്ചത്. പി ജയരാജന്‍, എംവി ജയരാജന്‍, സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സ്വീകരിക്കാന്‍ ജയിലിലെത്തി. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കെ.വി കുഞ്ഞിരാമനെ കൂടാതെ സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ഇന്ന് മോചിതരായത്.

നുണയുടെ വലിയൊരു കോട്ടയാണ് ഇന്നലത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാടോടെ പൊളിഞ്ഞത് എന്ന് കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. കേസില്‍ ഞങ്ങളെ പ്രതിചേര്‍ക്കുമ്പോഴും 28ാം തിയതി കുറ്റക്കാരാണെന്ന് പറഞ്ഞപ്പോഴും മൂന്നാം തിയതി ഒരിക്കലും ഞങ്ങള്‍ അര്‍ഹിക്കാത്ത ശിക്ഷ നല്‍കിയപ്പോഴും ഒരു തരത്തിലും ഞങ്ങള്‍ പ്രതികരിച്ചിരുന്നില്ല. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസവും നീതി ലഭിക്കുമെന്ന പ്രതീക്ഷയുമാണ് ആ ഘട്ടങ്ങളില്‍ നിങ്ങളുടെ ഒരു ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ മറുപടി പറയാനോ വഴങ്ങാനോ തയാറാകാഞ്ഞത്. ആറാം തിയതിയാണ് ഹൈക്കോടതി ലീവ് കഴിഞ്ഞ് വീണ്ടും ചേരുന്നത്. അന്നുതന്നെ ഞങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കപ്പെടുകയും തൊട്ടടുത്ത ദിവസം തന്നെ അത് പരിഗണിക്കുകയും അന്ന് സിബിഐയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ സാന്നിധ്യമില്ലായ്മ കൊണ്ട് എട്ടിലേക്ക് മാറ്റിവെക്കുകയും എട്ടാം തിയതി രാവിലെ തന്നെ ഞങ്ങളുടെ ശിക്ഷാ വിധി സ്റ്റേ ചെയ്തു കൊണ്ടും ജാമ്യം അനുവദിച്ചുകൊണ്ടും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് – കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

Read Also: ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേടുകളുണ്ട്; ബോബി ചെമ്മണ്ണൂരിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഈ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടി ഞങ്ങളെല്ലാം നിരപരാധികളാണെന്നും സിപിഐഎമ്മിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രതിചേര്‍ക്കപ്പെട്ടതെന്ന് ഉറച്ച് വിശ്വസിക്കുകയും ഇതില്‍ നിന്ന് മോചനം നേടിവരാനായിട്ടുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി തരികയും ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ പാര്‍ട്ടി, കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി, കേരളത്തില്‍ എല്ലായിടത്തുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്‍മാരുമെല്ലാം വലിയ പിന്തുണയും സഹായവുമാണ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം ആത്മവിശ്വാത്തോടെ മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജവും പാര്‍ട്ടി നേതാക്കളുടെ ഇടപെടലും സാന്നിധ്യവും കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. ഈ പ്രതിസന്ധി അതിജീവിക്കാന്‍ പാര്‍ട്ടിയെ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട് – അദ്ദേഹം വ്യക്തമാക്കി.

അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവര്‍ഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് വന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകള്‍ നല്‍കിയത്.

Story Highlights : Periya case: Four people including K.V. Kunhiraman were released from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here