കെഎസ്‌യുവിലൂടെ തുടക്കം; ഒരുനാൾ CPIM പോരാളി, ഇന്ന് എതിരാളി; വിവാദങ്ങൾക്കൊപ്പം വളർന്ന പിവി അൻവർ

മുന്നണി മാറ്റവും തുടർച്ചയായ വാർത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയിൽ വാസവും നിറഞ്ഞ് രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പിവി അൻവർ എംഎൽഎ സ്ഥാനം ത്യജിച്ചിരിക്കുകയാണ്. ഒരു നാൾ സിപിഐഎമ്മിനായും മുഖ്യമന്ത്രി പിണറായി വിജയനായും വാദിച്ച പിവി അൻവർ രാജി സമർപ്പിക്കുമ്പോൾ മുഖ്യ ശത്രുവായി കാണുന്നതും അതേ സിപിഐഎമ്മിനെയും പിണറായി വിജയനെയുമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എംആർ അജിത് കുമാറിനെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിൽ അതൃപ്തി സൃഷ്ടിച്ചായിരുന്നു രാജിവരെയുള്ള കാര്യങ്ങളിൽ എത്തി നിൽക്കുന്നത്.
കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം കുറിച്ച പിവി അൻവർ യൂത്ത് കോൺഗ്രസിലൂടെ വളർന്ന് ഇടത് പാളയത്തിനൊപ്പം കൂടി. 2016 നിലമ്പൂരിലാണ് ആദ്യ വിജയം നേടിയത്. സിപിഐഎം പിന്തുണയോടെ നിയമസഭയിലേക്കെത്തി. 2021ലും നിലമ്പൂരിൽ പിവി അൻവറിന് രണ്ടാമൂഴം ലഭിച്ചു. ഉന്നം പിഴക്കാതെ വീണ്ടും നിയമസഭയിലേക്കെത്തി. 2014 ൽ വയനാ് മണ്ഡലത്തിലും 2019ൽ പൊന്നാനിയിലും ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിട്ടെങ്കിലും വിജയിച്ചില്ല.
രാഷ്ട്രീയ വിജയങ്ങൾക്കും തളർച്ചക്കും ഒപ്പം പിവി അൻവറിനൊപ്പം വിവാദങ്ങളും ഉണ്ടായിരുന്നു. ഭൂമി കയ്യേറ്റം, പാർക്ക്, അനധികൃത നിർമ്മാണം തുടങ്ങിയ വിവാദങ്ങൾ അൻവർ നേരിടുന്നുണ്ട്. താമരശ്ശേരി ലാൻഡ് ബോർഡ് നടത്തിയ പരിശോധനയിൽ അൻവറും കുടുംബവും 6.24 ഏക്കർ അനധികൃതമായി കൈവശം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കക്കാടംപൊയിലിൽ നിയമം ലംഘിച്ച് മലയിടിച്ച് തീം പാർക്ക് പണിതു എന്നതാണ് അൻവർ എതിരെയുള്ള മറ്റൊരു കേസ്. കോഴിക്കോട് കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിൽ പിവിആർ നാച്ചുറോ എന്ന പേരിൽ അനധികൃത റിസോർട്ടും അൻവറിന്റെ വിവാദങ്ങളിലെ മറ്റൊരു അധ്യായം.
എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ഉയർത്തിയ ആരോപണങ്ങളാണ് ഇടത് പാളയത്തിൽ അൻവറിനെ അപ്രിയനാക്കിയത്. വാർത്താ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി തുടരെ തുടരെ നിരവധി ആരോപണങ്ങൾ അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും ഉന്നയിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ മുഖ്യമന്ത്രി ആരോപണങ്ങൾ തള്ളിയതോടെ ഇടത് പാളയത്തിൽ നിന്ന് മാറാൻ പിവി അൻവർ തീരുമാനിക്കുകയായിരുന്നു. പിന്നീട് വിമർശനം മുഖ്യമന്ത്രിയിലേക്ക് നീങ്ങി. മുഖ്യമന്ത്രിയെ കടുത്ത ഭാഷയിലാണ് പിവി അൻവർ ആക്രമിച്ചത്.
എൽഡിഎഫിന് പുറത്തേക്കെത്തിയ പിവി അൻവർ സ്വന്തമായി പാർട്ടി വരെ ഉണ്ടാക്കി. അൻവർ ഡിഎംകെ- ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന പേരിലായിരുന്നു പാർട്ടി രൂപീകരിച്ചത്. അവിടം കൊണ്ടും പിവി അൻവർ തന്റെ രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിച്ചില്ല. കേരളത്തിൽ നടന്ന ലോക്സഭാ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പിവി അൻവർ സാന്നിധ്യം അറിയിച്ചു. ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തി. പാലക്കാടും വയനാടും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചും പിവി അൻവർ രംഗത്തുണ്ടായിരുന്നു.
ഏറ്റവും ഒടുവിൽ വന്യമൃഗശല്യത്തിനെതിരെ നടത്തിയ പ്രതിഷേധവും തുടർന്നുണ്ടായ കേസും ജയിലും പിവി അൻവറിനെ രാഷ്ട്രീയ കേരളത്തിലെ ചർച്ച വിഷയങ്ങളാക്കി മാറ്റി. നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിനെ തുടർന്ന് പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധമാണ് ഡിഎഫ്ഒ ഓഫീസ് ആക്രമണത്തിൽ കലാശിച്ചത്. ഇതിലാണ് പിവി അൻവർ അഴിക്കുള്ളിൽ വരെ കിടക്കേണ്ടി വന്നത്.
ഇതിനിടെയാണ് പിവി അൻവർ യുഡിഎഫിലേക്കെത്താൻ ശ്രമം നടത്തിയിരുന്നു. മുസ്ലി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച വരെ വരുത്തിയിരുന്നു. ഇതിനെല്ലാം അവസാനമാണ് പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസിലേക്കുള്ള രംഗ പ്രവേശനം. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. യുഡിഎഫിലേക്കുള്ള പ്രവേശനം പാളിയത്തിന് തൊട്ട് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
തൃണമൂലിൽ ചേർന്നതോടെ എംഎൽഎ സ്ഥാനം ഒഴിയാതെ പിവി അൻവറിന് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയും ഉണ്ടായി. സ്വതന്ത്ര എം.എൽ.എക്ക് മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്നം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നിൽകണ്ട് പിവി അൻവർ ഒടുവിൽ രാജി വെക്കാൻ തീരുമാനിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് എംഎൽഎ സ്ഥാനം രാജിവെച്ചിരിക്കുന്നത്.
Story Highlights : PV Anvar grew up with political and non political controversies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here