Advertisement

“മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണ് ഇത്” നരിവേട്ട പൂർത്തിയാക്കി ടൊവിനോ

January 14, 2025
Google News 2 minutes Read
narivetta

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നരിവേട്ട’യുടെ ചിത്രീകരണം പൂർത്തിയായി. ഈ വാർത്ത ടൊവിനോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നരിവേട്ടയുടെ ചിത്രീകരണത്തെപ്പറ്റിയും ചിത്രം എന്തുകൊണ്ടാണ് തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.[Narivetta]

“നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാട് എത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്… എടുത്തുവെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനം വേണ്ട സിനിമ ആയിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നത് കൊണ്ട്, 65 ദിവസവും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്‌തത്. മുന്‍പ് ഒരുമിച്ച് സിനിമ ചെയ്‌തവരും പുതുതായി സൗഹൃദത്തിലേക്ക് വന്നവരുമായ കുറേപ്പേര്‍ക്ക് ഒപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു.

Read Also: ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നു; പ്രഖ്യാപനവുമായി ഗായകൻ ഡാബ്സീ

തിയേറ്ററില്‍ നിറഞ്ഞ മനസ്സോടെ ആസ്വദിക്കാനും തിയേറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ.വൈകാരികമായി ഒരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്‍റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണ്, നരിവേട്ട” ടൊവിനോ തോമസ് കുറിച്ചു.

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരൻ,സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, ആര്യ സലിം, സുധി കോഴിക്കോട്, എൻ എം ബാദുഷ, പ്രശാന്ത് മാധവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അബിൻ ജോസഫാണ് തിരക്കഥ. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Story Highlights : Tovino completes the shooting of ‘Narivetta’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here