‘പുറത്താക്കുന്നതിനെക്കാൾ നല്ലതാണ് സ്വയം പുറത്തുപോകുന്നത്, അൻവറിന്റെ പുതിയ വെളിപ്പെടുത്തൽ കൂറുമാറ്റക്കാരന്റെ ജൽപനം മാത്രം’; എം.വി ജയരാജൻ

പി വി അൻവറിന് എതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രതിപക്ഷ നേതാവിന് എതിരായ നിയമ സഭയിലെ പഴയ ആരോപണം കൂറുമാറ്റക്കാരന്റെ ജൽപ്പനം മാത്രമാണ്. അൻവറെന്താ മറ്റുള്ളവരുടെ മെഗാഫോൺ ആണോയെന്നും എം വി ജയരാജൻ ചോദിച്ചു. എഡിജിപിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാർക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും പി ശശിക്കുമെതിരെ ആരോപണമുന്നയിച്ചത് സിപിഐ(എം) നേതാക്കളുടെ നിർദേശമനുസരിച്ചാണെന്ന പച്ചക്കള്ളവും തട്ടിവിടാൻ അൻവറിന് മടിയുണ്ടായില്ല. പി. ശശി നിർദേശിച്ചത് പ്രകാരമാണ് പ്രതിപക്ഷനേതാവിനെതിരെ ആരോപണമുന്നയിച്ചതെങ്കിൽ പി ശശിക്കെതിരെ ആരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷനേതാവാണോയെന്നും എം വി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ ആണ് എം വി ജയരാജന്റെ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പി.വി. അൻവറിന്റെ രാജി കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നും രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണ്. കോൺഗ്രസ്സിനും യുഡിഎഫിനും ഡിഎംകെയ്ക്കും വേണ്ടാതായ അൻവർ അവസാനം അഭയം തേടിയത് തൃണമൂലിലായിരുന്നു. ആദ്യം പോയ പാർട്ടി ഡെമോക്രാറ്റിക് ഡവലപ്‌മെന്റ് ഓഫ് കേരളയായിരുന്നു. ചുരുക്കത്തിൽ നാലുമാസത്തിനിടയിൽ അഞ്ച് പാർട്ടികളിൽ പോയപ്പോൾ അഭയം കിട്ടാതിരുന്നതിനെ തുടർന്നാണ് അൻവർ തൃണമൂലിലെത്തിയതും അതിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായതും. തൃണമൂലും തൃണംപോലെ വലിച്ചെറിയുന്ന കാലം അതിവിദൂരമല്ല.
പി. ശശി പറഞ്ഞിട്ടാണ് പ്രതിപക്ഷനേതാവിനെതിരെ ആരോപണമുന്നയിച്ചതെന്ന അൻവറിന്റെ പുതിയ വെളിപ്പെടുത്തൽ കൂറുമാറ്റക്കാരന്റെ ജൽപനം മാത്രമാണ്. അൻവറെന്താ മറ്റുള്ളവരുടെ മെഗാഫോൺ ആണോ?
എഡിജിപിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാർക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും പി ശശിക്കുമെതിരെ ആരോപണമുന്നയിച്ചത് സിപിഐ(എം) നേതാക്കളുടെ നിർദ്ദേശമനുസരിച്ചാണെന്ന പച്ചക്കള്ളവും തട്ടിവിടാൻ അൻവറിന് മടിയുണ്ടായില്ല. പി. ശശി നിർദ്ദേശിച്ചത് പ്രകാരമാണ് പ്രതിപക്ഷനേതാവിനെതിരെ ആരോപണമുന്നയിച്ചതെങ്കിൽ പി ശശിക്കെതിരെ ആരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷനേതാവാണോ?
മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച അൻവർ പിന്നെയെന്തിനാണ് മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് പറഞ്ഞതും മാപ്പുപറഞ്ഞതും? മാധ്യമങ്ങളിൽ സ്ഥാനം പിടിക്കാൻ വേണ്ടി ഇനിയും കള്ളക്കഥകൾ ഇദ്ദേഹത്തിൽ നിന്നും കേരളത്തിന് പ്രതീക്ഷിക്കാം. അപ്പോഴും ചില ചോദ്യങ്ങൾക്ക് അൻവറിന് മറുപടി ഉണ്ടാവില്ല. വാട്ടർ തീം പാർക്ക് സ്ഥാപിച്ചത് ആരെങ്കിലും പറഞ്ഞിട്ടാണോ? ബിസിനസ് ആവശ്യങ്ങൾക്ക് പലരിൽ നിന്നും കടംവാങ്ങിയത് ആരുടെ നിർദ്ദേശമനുസരിച്ചാണ്? ബിസിനസ് ഏതൊക്കെ രാജ്യങ്ങളിലുണ്ട്? എത്രനാൾ ബിസിനസ്സിനായി വിദേശത്ത് പോയിട്ടുണ്ട്? മറുനാടൻ മലയാളിയെ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ച അൻവർ ഇപ്പോൾ ഷാജൻ സ്‌കറിയയുമായി ഒത്തുതീർപ്പുണ്ടാക്കിയത് ആരു പറഞ്ഞിട്ടാണ്? ബംഗാളിൽ കോൺഗ്രസ്സിന്റെ എതിർപാർട്ടിയായ തൃണമൂലിൽ ചേർന്ന അൻവർ എന്തിനാണ് നിലമ്പൂരിലെ സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചത്? ഇതാരുടെ നിർദ്ദേശ പ്രകാരമാണ്? കെ.പി.സി.സി. അധ്യക്ഷന്റെയോ അല്ല പ്രതിപക്ഷനേതാവിന്റേയോ? ഈ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം കിട്ടണമെങ്കിൽ അൻവർ ഒരിക്കൽ കൂടി ജനിക്കേണ്ടിയിരിക്കുന്നു!
Story Highlights : M.V. Jayarajan sharply criticizes P.V. Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here