സെക്രട്ടേറിയറ്റിലെ കൂറ്റൻ ഫ്ലക്സ്; തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട, കടുത്ത നിലപാടുമായി ഹൈക്കോടതി

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഹൈക്കോടതി. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവഗൗരവത്തോടെ കാണുന്നു. ഇതുസംബന്ധിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകണം.
തിരുവനന്തപുരം കോർപ്പറേഷൻ ബോർഡ് നീക്കം ചെയ്‌തെങ്കിലും നിയമലംഘനം നിസാരമായി കാണാനാവില്ല.ബോർഡ് മാറ്റിയതിന് എന്ത് ചെലവുവന്നു എന്നതിലടക്കം വിശദീകരണം നൽകണം. സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണെന്നും ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുമ്പോൾ കോടതിക്ക് നോക്കിയിരിക്കാനാവില്ലെന്നും ഇവരെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു.
സെക്രട്ടേറിയറ്റിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിന് അറിയില്ലേ? ഈ രാജ്യം ഇവരുടെ മാത്രമല്ല, തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Story Highlights : The highcourt criticized flex board before the secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here