അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ് വിടാമുയർച്ചി. ചിത്രത്തിൽ അജിത്തിനൊപ്പം തൃഷ,അർജുൻ സാർജ,റജീന കാസൻഡ്ര, തുടങ്ങിയ നീണ്ട താരനിരയുമുണ്ട്.
കാണാതായ ഭാര്യയെ തേടിയിറങ്ങുന്ന ഭർത്താവിന്റെ കഥ പ്രമേയമാക്കുന്ന ചിത്രം ഒരു ആക്ഷൻ പാക്ക്ഡ് ആയ റോഡ് ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പൊങ്കൽ റിലീസിനെത്തുമെന്ന പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ ഫെബ്രുവരി 6 ലേക്ക് നീട്ടിയിരിക്കുകയാണ്. ടീസറിൽ നിന്നും വ്യത്യസ്തമായി ട്രെയ്ലറിൽ അജിത്തിന്റെ സംഭാഷണ രംഗങ്ങളും, കൂടാതെ ഫ്ലാഷ്ബാക്ക് ഭാഗങ്ങളിലെ കൂടുതൽ ചെറുപ്പമായ അജിത്തിന്റെ ലുക്കും കാണിച്ചിട്ടുണ്ട്.

അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങും ട്രൈലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അജിത്തിന്റെ ദുബായ് 24 H കാറോട്ട മത്സര വിജയത്തിന്റെ ലഹരിയിൽ മതിമർന്നിരിക്കുന്ന ആരാധകർക്ക് ട്രെയ്‌ലർ ഇരട്ടി മധുരം ആണ്. ചിത്രത്തിലെ സാഹസികമായൊരു ചേസിംഗ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ അജിത്തിന് അപകടം പറ്റിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരം മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാവും പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 10 ന് റിലീസിനെത്തുന്ന അജിത്തിന്റെ തന്നെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും വിടാമുയർച്ചിയും ഒരേ സമയം ചിത്രീകരിച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലിയിലും തൃഷ തന്നെയാണ് അജിത്തിത്തിന്റെ നായിക.

Story Highlights :അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here