Advertisement

ഡീപ്‌സീക് വെറുമൊരു ചാറ്റ് ജിപിടി പകരക്കാരന്‍ അല്ല; വരവില്‍ അമേരിക്കന്‍ ടെക് ഭീമന്മാര്‍ ചൂളി;ഇന്ത്യന്‍ പരമാധികാരത്തിന് ഭീഷണി

January 29, 2025
Google News 2 minutes Read
deepseek

ചൈനീസ് ടെക് കമ്പനിയായ ഡീപ്‌സീക്കിന്റെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മോഡലുകളാണ് ടെക് ലോകത്തിപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. എഐ മോഡലുകളെക്കുറിച്ച് അമേരിക്കന്‍ കമ്പനികള്‍ ഊതിപ്പെരുപ്പിച്ച പൊതുധാരണകള്‍ ഡീപ്‌സീക്കിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. എന്നുമാത്രമല്ല, ഓഹരിവിപണികളിലും ഭൗമരാഷ്ട്രീയത്തിലും രാജ്യാന്തര നയതന്ത്ര ബന്ധങ്ങളിലുമൊക്കെ ഡീപ്‌സീക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതില്‍ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ചില സംഗതികളുമുണ്ടെന്നതാണ് അപകടകരമായ കാര്യം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിമയായും അമേരിക്കന്‍ കുത്തകകളുടെ എതിരാളിയായും അവതരിച്ച കൃത്രിമ ബുദ്ധി രാക്ഷസനെന്ന് ഡീപ്‌സീക്കിനെക്കുറിച്ച് പറയാം.

അമേരിക്കയെ പിന്നിലാക്കി ചൈനയുടെ കുതിപ്പ്…

2022ല്‍ അമേരിക്കന്‍ കമ്പനിയായ ഓപ്പണ്‍ എഐ ചാറ്റ് ജിപിടി അവതരിപ്പിച്ചതോടെയാണ് കൃത്രിമ ബുദ്ധി ലോകശക്തികള്‍ക്ക് ഒരു മത്സര വിഷയമാകുന്നത്. പിന്നാലെ ഗൂഗിളും മെറ്റയുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ മുതല്‍മുടക്കാണ് നടത്തുന്നത്. അമേരിക്കന്‍ മോഡലുകള്‍ക്ക് ആദ്യ ചൈനീസ് ബദല്‍ വികസിപ്പിച്ചത് സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ബൈഡു ആണ്. അതുപക്ഷേ, ചൈനക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അമേരിക്കന്‍ കമ്പനികള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്തു. ഈ ഏകപക്ഷീയ വളര്‍ച്ചക്കാണ് ഡീപ്‌സീക് ഇപ്പോള്‍ പ്രതിബന്ധം സൃഷ്ടിച്ചിരിക്കുന്നത്.
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് ഡീപ്‌സീക് പുതിയ എഐ മോഡലായ ഡീപ്‌സീക് ആര്‍-1 വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മികവ്. യുഎസില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നേട്ടത്തിലേക്ക് എതിരാളികളെ മറികടന്ന് എത്താന്‍ ഡീപ്‌സീക്കിന് ഏറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഒടുവില്‍, ചൈനയോട് വാപ്യാര യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സാക്ഷാല്‍ ട്രംപ് തന്നെ പറഞ്ഞു, അമേരിക്കന്‍ കമ്പനികള്‍ ചൈനീസ് കമ്പനികളെ കണ്ട് പഠിക്കണമെന്ന്. ചിപ്പ് കയറ്റുമതിയില്‍ ഉള്‍പ്പെടെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയിട്ടും സാങ്കേതിക രംഗത്ത് ചൈനയുടെ കുതിപ്പ് തടയാന്‍ അമേരിക്കക്ക് കഴിയുന്നില്ലല്ലോ എന്ന നാണക്കേട് വേറെയും. ഡീപ്‌സീക്കിന്റെ കൈവശം 50000 എന്‍വിഡിയ എച്ച് 100 ചിപ്‌സ് ഉണ്ടെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കേല്‍ എഐയുടെ സിഇഒ അലെക്‌സാണ്ടര്‍ വാങ് പറയുന്നു. ഒന്നുകില്‍ ഉപരോധത്തിന് മുമ്പേ വാങ്ങി സൂക്ഷിച്ചതായിരിക്കും. അല്ലെങ്കില്‍ ഉപരോധം മറികടന്ന് സംഘടിപ്പിച്ചത്.

അത്രയൊന്നും ചെലവില്ലെന്നേ…

2024 ഡിസംബര്‍ 24നാണ് ഡീപ്‌സീക് വി-3 മോഡല്‍ അവതരിപ്പിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ എഐ മോഡലിന് എന്‍വിഡിയയുടെ കുറഞ്ഞ ചിപ്പുകളായ എച്ച്800 ആണ് ഉപയോഗിച്ചതെന്നും ചെലവ് 60 ലക്ഷം ഡോളറില്‍ താഴെ മാത്രമാണെന്നും ഡീപ്‌സീക് വെളിപ്പെടുത്തി. ഇതോടെ, വിപണിയിലെ കുമിളകള്‍ ഒന്നൊന്നായി പൊട്ടി തുടങ്ങി.
സമീപഭാവിയില്‍ അമേരിക്കന്‍ ക്ലൗഡ് കമ്പനികള്‍ എഐ മേഖലയില്‍ 25000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ‘വെറും’ 60 ലക്ഷം ഡോളറിന്റെ കണക്കുമായി ചൈനക്കാരുടെ രംഗപ്രവേശം. ഇതോടെ, ടെക് കമ്പനികളുടെ ഓഹരികള്‍ കൂപ്പുകുത്തി. കനത്ത തിരിച്ചടി നേരിട്ടത്, ലോകത്തെ നമ്പര്‍ വണ്‍ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ തന്നെ. എന്‍വിഡിയ സഹസ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ്ങിന്റെ വ്യക്തിഗത ആസ്ഥിയില്‍ മാത്രം 2070 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.
ഡീപ്‌സീക് ആര്‍ 1 കൂടി അവതരിപ്പിച്ചതോടെ അമേരിക്കന്‍ ടെക് കമ്പനികള്‍ വീണ്ടും ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടു. തീര്‍ന്നില്ല, ട്രംപിന്റെ വരവോടെ ക്രിപ്‌റ്റോ കറന്‍സികള്‍ കുതിച്ചുകയറുമെന്ന് സ്വപനം കണ്ടവര്‍ക്കും കിട്ടി നല്ല പണി.

ഇതൊക്കെ സിംപിള്‍ അല്ലേ…

എഴുത്തുഭാഷയില്‍ മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താന്‍ കഴിയുന്ന സോഫ്റ്റ്‌വേറാണ് ചാറ്റ് ബോട്ട്. ഒരു സുഹൃത്തിനോട് വാട്‌സാപ്പില്‍ ചാറ്റ് ചെയ്യുംപോലെ ചാറ്റ്‌ബോട്ടുകളുമായി സംവദിക്കാം. ഉപഭോക്താവ് കൊടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക്, വമ്പന്‍ ഡാറ്റാ ബേസില്‍ നിന്ന് ഉത്തരം കണ്ടെത്തി മറുപടി നല്‍കും ചാറ്റ് ബോട്ടുകള്‍. ഇവ ജനപ്രിയമായത് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുടെ വരവോടെയാണ്. പിന്നീട് വന്ന പല ചാറ്റ് ബോട്ടുകളെയുംപോലെ ഡീപ്‌സീക്കും കെട്ടിലും മട്ടിലുമെല്ലാം ചാറ്റ് ജിപിടി പോലെ തന്നെയാണ്. പക്ഷേ ഓപ്പണ്‍ എഐയുടേയും മെറ്റയുടേയുമൊക്കെ ഏറ്റവും പുതിയ ലാംഗ്വേജ് മോഡല്‍ പതിപ്പുകളേക്കാളും മെച്ചപ്പെട്ട പ്രകടനമാണ് ഡീപ്‌സീക്കിന്റെ പ്രധാന ആകര്‍ഷണം. മാത്രമല്ല, ഓപ്പണ്‍ എഐയുടെ o1 മോഡലിനെ അപേക്ഷിച്ച് ഡീപ്‌സീക് ആര്‍ 1ന്റെ ചെലവ് 20-50 മടങ്ങ് കുറവാണ്.
ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനോട് ഒരു പൊതുവേദിയില്‍ ഇന്ത്യന്‍ നിക്ഷേപകന്‍ ചോദിച്ചു, ‘ഇന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും സ്റ്റാര്‍ട്ടപ്പിന് ചാറ്റ് ജിപിടി പോലെ ഒരു അടിസ്ഥാന മോഡലെങ്കിലും വികസിപ്പിക്കാന്‍ കഴിയുമോ?’ എന്ന്. ഒരു പ്രതീക്ഷയും വേണ്ട, ഞങ്ങളോട് മത്സരിക്കാനാകില്ല എന്നായിരുന്നു മുഖത്തടിച്ചപോലെ സാം ആള്‍ട്ട്മാന്റെ പ്രതികരണം. സാം ആള്‍ട്ട്മാനെ പോലുള്ളവരുടെ അഹംഭാവത്തിനുള്ള മറുപടിയാണ് ഡീപ്‌സീക് എന്ന് നെറ്റിസണ്‍സ് കയ്യടിക്കുന്നു. പക്ഷേ…

സ്വജനപക്ഷപാതത്തിന്റെ ചൈനീസ് മോഡല്‍

ചോദ്യം: അരുണാചല്‍ പ്രദേശിനെക്കുറിച്ച് പറയൂ..
ഡീപ്‌സീക്: ക്ഷമിക്കണം. അത് എന്റെ പരിധിക്കപ്പുറമാണ്. മറ്റെന്തെങ്കിലും സംസാരിക്കാം.
ചോദ്യം: ആരാണ് ദലൈലാമ?
ഉത്തരം ടിബറ്റിലെ ആത്മീയ നേതാവാണെന്ന് ഉത്തരം തന്നെങ്കിലും അത് വായിച്ച് തീരും മുമ്പേ പിന്‍വലിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ക്ഷമിക്കണം. അത് എന്റെ പരിധിക്കപ്പുറമാണ്. മറ്റെന്തെങ്കിലും സംസാരിക്കാം.

ചൈനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി എന്തു ചോദിച്ചാലും ഒഴിഞ്ഞുമാറുമെന്നതാണ് ഡീപ്‌സീക്കില്‍ പതിയിരിക്കുന്ന അപകടം. പിന്നണിയിലുള്ള വലിയ ഡാറ്റാ ബേസിനെ അടിസ്ഥാനമാക്കിയാണ് എഐ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ ഡാറ്റാ ബേസ് മനുഷ്യര്‍ പ്രോഗ്രാം ചെയ്യുന്നതായതുകൊണ്ടുതന്നെ സമൂഹത്തിലെ വിവേചനങ്ങളും വിദ്വേഷങ്ങളും എല്ലാം എഐയിലും പ്രതിഫലിക്കും. അതായത് സാങ്കേതിക വിദ്യ എത്ര വളര്‍ന്നാലും അതിന് തന്റെ ഉപജ്ഞാതാക്കളുടെ മുന്‍വിധികളില്‍ നിന്ന് മോചനമുണ്ടാകില്ല. ഡീപ്‌സീക്കിന്റെ കാര്യവും അങ്ങനെതന്നെ. ചൈനയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിരായി ഡീപ്‌സീക് മിണ്ടില്ല. ഒരു ആഗോള സംരംഭം എന്ന നിലക്ക് ഇത് തീര്‍ത്തും പിന്തിരിപ്പന്‍ നയമാണ്. മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിലക്ക് നേരിടാനും സാധ്യതയുണ്ട്.

ലിയാങ് വെന്‍ഫെങ് എന്ന തലച്ചോര്‍

ലിയാങ് വെന്‍ഫെങ് എന്ന 40 വയസുകാരനാണ് ഡീപ്‌സീക് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍. ഹെഡ്ജ് ഫണ്ട് മാനേജര്‍ ആയിരുന്ന വെന്‍ഫെങ് ടെക് ലോകത്തേക്ക് കാലെടുത്ത് വെക്കുമ്പോള്‍, ലക്ഷ്യം സാങ്കേതിക വിദ്യയില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള അകലം കുറക്കുക എന്നത് മാത്രമായിരുന്നു. 2015ല്‍ ഹൈ-ഫ്‌ളയര്‍ എന്നൊരു സംരംഭം വെന്‍ഫെങ് സ്ഥാപിച്ചു. ഗണിതവും നിര്‍മിത ബുദ്ധിയും ഉപയോഗിച്ച് നിക്ഷേപ തന്ത്രങ്ങള്‍ മെനയുന്നതായിരുന്നു ആശയം. 2016ലാണ് ഹൈ-ഫ്‌ളയര്‍ ആദ്യ എഐ മോഡല്‍ അവതരിപ്പിച്ചത്. 2021ലാണ് വെന്‍ഫെങ് കൂടുതല്‍ സാഹസങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചത്. ഇക്കാലയളവില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി എന്‍വിഡിയ ഗ്രാഫിക്‌സ് പ്രോസസറുകള്‍ വെന്‍ഫെങ് സമാഹരിച്ചെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോ ബൈഡന്‍ ഭരണകൂടം അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. 2023ല്‍ വെന്‍ഫെങ് ഡീപ്‌സീക് സ്ഥാപിച്ചു. ഇന്നത് ടെക് ലോകത്തെ അത്ഭുതശിശുവായി മാറിയിരിക്കുന്നു.

Story Highlights : what is deepseek explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here