മോഹൻലാലിന്റെ ചോട്ടാ മുംബൈ 4K റീറിലീസിനെത്തുന്നു

ഏറെ കാത്തിരിപ്പിന് ശേഷം മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രം ചോട്ടാ മുംബൈ 4K റീറിലീസിനെത്തുന്നു. അൻവർ റഷീദിന്റെ സംവിധാനത്തിൽ 2007ൽ റിലീസ് ചെയ്ത ചോട്ടാ മുംബൈ ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഒരു കോമഡി ആക്ഷൻ ത്രില്ലർ ആയിരുന്നു. അന്ന് വരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ഡാർക്ക് ഹ്യൂമർ കലർന്ന ഹാസ്യ രംഗങ്ങളും താരങ്ങളുടെ വ്യത്യസ്ത വേഷവിധാനവും പുതുമയുള്ള ഗാനരംഗങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുന്നുണ്ട്.
സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീറിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ചോട്ടാ മുംബൈ. മണിയൻ പിള്ള രാജു ആയിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രം റീറിലീസിനു ഒരുങ്ങുന്നുവെന്ന വിവരം അറിയിക്കുന്നത് മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു ആണ്.

ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ ‘ ചോട്ടാ മുംബൈ എന്ന ചിത്രത്തോടുള്ള ആരാധകരുടെ ഇഷ്ടം അവിശ്വസനീയമാണ്, ചിത്രം 4K റീറിലീസ് ചെയ്യാമോ എന്ന ആരാധകന്റെ ചോദ്യത്തിന്, “ദാറ്റ് ഓൾസോ ഹാപ്പനിംഗ്” എന്ന് അദ്ദേഹം മറുപടി കൊടുത്തതോടെ വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ.
മോഹൻലാലിനൊപ്പം, ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ധിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചോട്ടാ മുംബയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ തല എന്നറിയപ്പെടുന്ന വാസ്‌ക്കോ എന്ന നായക കഥാപാത്രത്തിനൊപ്പം, സിദ്ധിഖിന്റെ മുള്ളൻ ചന്ദ്രപ്പൻ, കലാഭവൻ മണിയുടെ വില്ലൻ കഥാപാത്രം നടേശൻ, രാജൻ പി ദേവിന്റെ പാമ്പ് ചാക്കോ, ജഗതിയുടെ പടക്കം ബഷീർ, ഭാവനയുടെ പറക്കും ലത തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പിൽക്കാലത്ത് കൾട്ട് സ്റ്റാറ്റസ് നേടിയിരുന്നു. രാഹുൽ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Story Highlights :MOHANLAL’S CHOTTA MUMBAI WILL RERELEASE IN 4K SOON
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here