Advertisement

‘യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയാറാകണം; അല്ലാതെ ഞങ്ങള്‍ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാല്‍ എങ്ങനെ’; ജോര്‍ജ് കുര്യന്‍

February 4, 2025
Google News 2 minutes Read
george kurian

യാഥാര്‍ഥ്യം തുറന്നു പറയാന്‍ കേരളം തയ്യാറാകണമെന്നും എങ്കില്‍ ആവശ്യമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി ജോര്‍ജ് കുര്യന്‍. പത്ത് വര്‍ഷം കൊണ്ട് കേരളത്തെ എല്‍ഡിഎഫ് പൂര്‍ണമായും തകര്‍ത്തുവെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അതിന് പിന്തുണ കൊടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ശമ്പളം കൊടുക്കാന്‍ സാധിക്കുന്നില്ല. അത് മോദി പണം നല്‍കിയാലേ സാധിക്കു. നിങ്ങള്‍ തന്നാലേ കിട്ടൂവെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഗോവിന്ദന്‍ മാഷ് പറയുന്നു ഇപ്പോള്‍ ശമ്പളം കിട്ടുന്നുണ്ടല്ലോ എന്ന്. നാളെ അതും കിട്ടുമോ എന്ന് ഉറപ്പില്ല. ഡി എ കൊടുത്തിട്ടില്ല. റേഷന്‍ മുഴുവന്‍ മോദിയാണ് സൗജന്യമായി കൊടുക്കുന്നത്. അതിന് പണം ഇല്ലാഞ്ഞിട്ട് തടയുന്ന അവസ്ഥ വന്നു. സാമ്പത്തികം, വിദ്യാഭ്യാസം വ്യവസായം തുടങ്ങിയ എല്ലാ രംഗത്തും കേരളത്തെ എല്‍ഡിഎഫ് തകര്‍ത്തിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മോഡി വന്നതിന് ശേഷം സംയുക്തമായ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അതിന്റെ അംബാസിഡറാകാന്‍ തയാറാണെന്നും പക്ഷേ സിഐടിയുവിനെ നിയന്ത്രിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഇവിടുത്തെ ഇന്റസ്ട്രികള്‍ അവര്‍ തകര്‍ത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്‌ഐ ഓരോ കോളജുകളും തകര്‍ത്തുകൊണ്ടിരിക്കുകയല്ലേ എന്നും കുട്ടികള്‍ നാടുവിട്ട് പോവുകയല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഭൂരിപക്ഷം കുട്ടികളും സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കുന്നത് നിലവാരമില്ലാത്തത് കൊണ്ടല്ലെന്നും പ്രാണഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ കേരളത്തെ തങ്ങള്‍ തകര്‍ത്തിരിക്കുന്നുവെന്ന് തുറന്നു പറയാനും അദ്ദേഹം പറയുന്നു.

Read Also: പിടിവിട്ട് പൊന്ന്, വീണ്ടും സർവകാല റെക്കോഡ്; പവന് 62,000 കടന്നു

ഒന്നാം സ്ഥാനത്ത് എവിടെ എത്തിയെന്ന് അദ്ദേഹം ചോദിക്കുന്നു. സാമ്പത്തിക രംഗത്ത് കേരളം ഒന്നാമതാണോ, വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും നമ്മള്‍ എവിടെയാണ്. മോഡി ചെയ്യുന്നതല്ലാതെ കേരളത്തില്‍ ഒന്നുമില്ല. അല്ലെങ്കില്‍ അവര്‍ തെളിയിക്കട്ടെ. അദ്ദേഹം പറഞ്ഞു.

പിന്നോക്കാവസ്ഥയിലാണെന്ന് ഫിനാന്‍സ് കമ്മീഷനെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശമ്പളം കൊടുക്കാന്‍ പറ്റാത്തത് പിന്നോക്കാവസ്ഥയല്ലേ? റേഷന്‍ വിതരണം ചെയ്യാന്‍ കഴിയാതെ പ്രതിസന്ധി വരുന്നത് പിന്നോക്കാവസ്ഥ അല്ലേ? എന്തൊക്കെ പാടുപെട്ടാണ് പരിഹരിച്ചത്. അത് തുറന്ന് പറയണം. പറഞ്ഞു കഴിഞ്ഞാല്‍ കിട്ടും. അല്ലാതെ നമ്മള്‍ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാല്‍ എങ്ങനെ – അദ്ദേഹം ചോദിച്ചു.

വിദ്യാഭ്യാസത്തിന്റെ നിലവാരം എന്ന് പറയുന്നത് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ചാവറ അച്ചനും നിലനിര്‍ത്തിയ ഒന്നാണെന്നും അതിപ്പോള്‍ കുടുംബങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിപിഐ പറഞ്ഞു പേരുപോലും എഴുതാന്‍ അറിയില്ലെന്ന്. അന്ന് ഞങ്ങള്‍ അതിനെ എതിര്‍ത്തതാണ്. വിദ്യാഭ്യാസ മന്ത്രി അതിനെ ശരിവെച്ചു. അതിനു കുഴപ്പമില്ല. പഠനത്തിനായി കുട്ടികള്‍ പുറത്തേക്കാണ് പോകുന്നത്. അവര്‍ക്ക് നിലവാരമില്ല എന്ന് പറയുന്നത് ഒരു കുഴപ്പവുമില്ല. അത് കേരളത്തെ അപമാനിക്കല്‍ അല്ല – അദ്ദേഹം പരിഹസിച്ചു.

കേരളം പിന്നാക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാല്‍, കൂടുതല്‍ സഹായം ലഭിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വിവാദ പ്രസ്താവന. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായം ആദ്യം നല്‍കുന്നത്. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ. അപ്പോള്‍ സഹായം കിട്ടും. റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാല്‍ തരാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളില്‍ പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോള്‍ കമ്മീഷന്‍ പരിശോധിച്ചു കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്രമന്ത്രി പരാമര്‍ശിച്ചു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : George Kurian about Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here