‘തൃശൂരിൽ BJPയുടെ വോട്ട് വർധന ഗൗരവം; LDF വോട്ടുകൾ ചോർന്നു, നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നു’; CPIM പ്രവർത്തന റിപ്പോർട്ട്

തൃശൂരിൽ ബിജെപിയുടെ വോട്ട് വർധന അതീവ ഗൗരവത്തോടെ കാണണമെന്ന് സിപിഐഎം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. എൽഡിഎഫ് വോട്ടുകൾ ചോർന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ ജില്ലയിലെ നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നുവെന്ന് ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ അതിരൂക്ഷ വിമർശനം ഉയർന്നു.
യുഡിഎഫിന്റെ വോട്ടുകൾ വൻതോതിൽ ചോർന്നു. എൽഡിഎഫിന്റെ അടക്കം വോട്ട് ചോർച്ച ഉണ്ടായതാണ് ബിജെപിക്ക് ജയിക്കാൻ സാഹചര്യം ഒരുക്കിയതെന്ന് റിപ്പോർട്ടിൽ വിലയിരുത്തൽ. സുനിൽകുമാറിൻ്റെ വ്യക്തിപ്രഭാവത്തിൽ ലഭിച്ച വോട്ടുകളാണ് നേട്ടമായതെന്നും ജില്ലാ സെക്രട്ടറി എംഎം വർഗീസ് അവതരിപ്പിച്ച സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് നേതാക്കൾക്കെതിരെ വിമർശനം ഉയർന്നത്. പണത്തിനു പിന്നാലെ പോകുന്ന പ്രവണത തൃശ്ശൂർ ജില്ലയിൽ നേതാക്കൾക്കിടയിൽ വർദ്ധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ പ്രവർത്തനത്തിൽ മോശം പ്രവണതകൾ കടന്നുകൂടിയെന്നും വിമർശനം. ഇതിന് തടയിടേണ്ടതുണ്ടെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
എസ്എഫ്ഐക്കെതിരെയും ഡിവൈഎഫ്ഐക്കെതിരെയും സംഘടനാ റിപ്പോർട്ടിൽ വിമർശനം ഉയർന്നു. ഡിവൈഎഫ്ഐ ജില്ലയിൽ നിർജീവമാണെന്നും താഴെത്തട്ടിൽ സംഘടനയില്ലാത്ത സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യൂണിറ്റ് കമ്മറ്റികൾ പോലും പ്രവർത്തിക്കുന്നില്ല. എസ്എഫ്ഐയുടെ പ്രവർത്തനവും താഴെത്തട്ടിൽ നിശ്ചലം എന്ന് സംഘടനാ റിപ്പോർട്ടിൽ വിമർശനം.
Story Highlights : BJP’s vote increase in Thrissur is very serious says CPIM district meeting action report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here