Advertisement

‘അദ്ദേഹത്തിന് വയ്യെന്ന് തോന്നുന്നു, വേഗം വെള്ളം കൊടുക്കൂ’; ഡല്‍ഹിയിലെ ആവേശ പ്രസംഗത്തിനിടെ ക്ഷീണിച്ചിരുന്ന പ്രവര്‍ത്തകനെ ചൂണ്ടിക്കാട്ടി മോദി

February 9, 2025
Google News 3 minutes Read
PM Modi Pauses Speech To Check On Unwell BJP Worker

ഡല്‍ഹിയിലെ അഭിമാനപ്പോരാട്ടത്തില്‍ മിന്നും ജയം സ്വന്തമാക്കിയ ശേഷം ആവേശത്തോടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനോട് കാട്ടിയ കരുതലിന് സോഷ്യല്‍ മീഡിയയില്‍ കൈയടി. വിജയാഹ്ലാദത്തിനുശേഷം തളര്‍ന്നുപോയ ഒരു പ്രവര്‍ത്തകനെ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടിയ ശേഷം മോദി അദ്ദേഹത്തിന് ആരെങ്കിലും വെള്ളം കൊടുക്കൂ എന്ന് നിര്‍ദേശിക്കുകയായിരുന്നു. ആവേശത്തോടെയുള്ള പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിയാണ് മോദി ഹിന്ദിയില്‍ ബിജെപി പ്രവര്‍ത്തകന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചത്. (PM Modi Pauses Speech To Check On Unwell BJP Worker)

പ്രധാനമന്ത്രി വേദിയില്‍ നിന്ന് പ്രസംഗിക്കവേയാണ് സദസില്‍ ഒരു പ്രവര്‍ത്തകന്റെ മുഖം വാടിത്തളര്‍ന്നിരിക്കുന്നതായി ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ മോദി അദ്ദേഹത്തിന് എന്തുപറ്റിയെന്ന് എല്ലാവരോടുമായി ചോദിച്ചു. അദ്ദേഹത്തിന് ഉറക്കം വരുന്നതാണോ അതോ വയ്യാഞ്ഞിട്ടാണോ? ഡോക്ടര്‍മാരുണ്ടെങ്കില്‍ ദയവായി ഉടന്‍ തന്നെ ആ പ്രവര്‍ത്തകനെ ഒന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ മുഖത്ത് വല്ലായ്മയുണ്ട്. ശരിക്കും വയ്യാതിരിക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തിന് അല്‍പ്പം വെള്ളം ഉടനെത്തിക്കൂ. മോദിയുടെ വാക്കുകള്‍ ഇങ്ങനെ. ഉടന്‍ തന്നെ മറ്റ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് വെള്ളം നല്‍കുകയും വെള്ളം കുടിച്ചശേഷം തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പ്രവര്‍ത്തകന്‍ ഉറക്കെ പറയുകയും ചെയ്തു. പ്രവര്‍ത്തകന്റെ ഉറപ്പ് കിട്ടിയ ശേഷമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടര്‍ന്നത്.

Read Also: ‘തലസ്ഥാനവും കീഴടക്കി ബിജെപി, ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നു’: പ്രധാനമന്ത്രി

ഡല്‍ഹിയിലേത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി ദുരന്ത മുക്തമായെന്നും ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളിയെന്നും ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചുവെന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

അരാജകത്വം, ആഡംബരം, അഹങ്കാരം എന്നിവ പരാജയപ്പെട്ടു. അതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ രാവും പകലുമുള്ള പരിശ്രമം ഉണ്ട്. വിജയത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നു. രാഷ്ട്രീയത്തില്‍ കുറുക്കുവഴികള്‍ ഇല്ലെന്ന് സന്ദേശം കൂടിയാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം. കുറുക്കുഴി രാഷ്ട്രീയം ജനങ്ങള്‍ തൂത്തെറിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കലും ഡല്‍ഹി നിരാശപ്പെടുത്തിയിട്ടില്ല. മൂന്നു തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഏഴില്‍ ഏഴു സീറ്റ് നല്‍കി. ഡല്‍ഹിയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സേവിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം ഡല്‍ഹിയിലെ ജനങ്ങള്‍ ഇന്ന് മാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനുശേഷം ഹരിയാനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. മഹാരാഷ്ട്രയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ പുതിയ ചരിത്രമെഴുതി – പ്രധാനമന്ത്രി പറഞ്ഞു.

Story Highlights :  PM Modi Pauses Speech To Check On Unwell BJP Worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here