‘ഓപ്പറേഷന്‍ സൗന്ദര്യ’; ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. മതിയായ ലൈസന്‍സുകളോ കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 59 സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. അന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
Story Highlights : Operation Saundarya: Cosmetic products worth over Rs.1.5 lakh of poor quality were seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here