Advertisement

മലയാള സിനിമയെ ആദ്യമായി കടലിനക്കരെ എത്തിച്ച പ്രതിഭ; രാമു കാര്യാട്ടിന്റെ ഓര്‍മകള്‍ക്ക് 46 വയസ്

February 10, 2025
Google News 2 minutes Read
ramu kariat death anniversary

മലയാളത്തിന്റെ അഭിമാന സംവിധായകന്‍ രാമു കാര്യാട്ട് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 46 വര്‍ഷം. മലയാളത്തിലെ മണ്ണിലും ഈണത്തിലും കാലുറപ്പിച്ചു നിന്ന സിനിമകളായിരുന്നു രാമു കാര്യാട്ടിന്റേത്. ചെമ്മീനും നീലക്കുയിലും നെല്ലുമെല്ലാം മലയാളത്തിലെ ക്ലാസിക് സിനിമകളാണ്. (ramu kariat death anniversary)

കടലിലെ ഓളവും കരളിലെ മോഹവും പോലെ അടങ്ങാത്ത അഭിനിവേശമായിരുന്നു രാമു കാര്യാട്ടിന് സിനിമ. മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചത് രാമു കാര്യാട്ട് ആയിരുന്നു. നീലക്കുയിലിലൂടെയാണ് തുടക്കം. പി.ഭാസ്‌കരനുമായി ചേര്‍ന്ന് 1954ല്‍ സംവിധാനം ചെയ്ത നീലക്കുയില്‍ മലയാള സിനിമയുടെ വ്യാകരണം തന്നെ മാറ്റിയെഴുതി. 1957ലെ മിന്നാമിനുങ്ങും 1961ല്‍ മുടിയനായ പുത്രനും മലയാളത്തിന് പുതിയ അനുഭവമായി.

Read Also: മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്? സംബിത് പാത്ര ഇന്ന് ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും

നാല് വര്‍ഷത്തിനുശേഷം 1965-ലാണ് ചെമ്മീന്‍ എന്ന മാസ്റ്റര്‍പീസിന്റെ പിറവി. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിന്റെ ചലച്ചാത്രാവിഷ്‌കാരത്തില്‍ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരേയും കലാകാരന്മാരേയും രാമു കാര്യാട്ട് അണിനിരത്തി. ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണകമലം ചെമ്മീന് ലഭിച്ചു. അന്താരാഷ്ട്ര മേളകളിലും ചെമ്മീന്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

തൃശൂരിലെ ചേറ്റുവയ്ക്കടുത്ത് ഏങ്ങണ്ടിയൂരില്‍ കാര്യാട്ട് കുഞ്ഞച്ചന്റെയും കാര്‍ത്ത്യാനിയുടെയും മകനായി ജനിച്ച രാമന്‍ കുട്ടിയാണ് രാമു കാര്യാട്ട് ആയി മാറിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥയും കവിതയുമെഴുതിയാണ് തുടക്കം. പി ആര്‍ എസ് പിള്ള സംവിധാനം ചെയ്ത തിരമാല എന്ന ചിത്രത്തില്‍ സഹസംവിധായകനായി. മലയാള സാഹിത്യകൃതികളെ അധികരിച്ചാണ് രാമു കാര്യാട്ട് തന്റെ മിക്ക ചിത്രങ്ങളും ഒരുക്കിയത്. അതീവഹൃദ്യമായ ഗാനങ്ങളായിരുന്നു രാമു കാര്യാട്ട് സിനിമകളുടെ മറ്റൊരു പ്രത്യേകത. സലില്‍ ചൗധരിയും ലത മങ്കേഷ്‌കറും തലത്ത് മഹ്‌മൂദുമെല്ലാം രാമു കാര്യാട്ട് ചിത്രങ്ങളിലൂടെ മലയാളത്തിലെത്തി.

Story Highlights : ramu kariat death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here