‘മൂന്നാം കണ്ണ് സിദ്ധി നേടി അഭിവൃദ്ധിയുണ്ടാക്കാം’; കണ്ണൂരിൽ ആത്മീയ തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

കണ്ണൂരിൽ ആത്മീയ തട്ടിപ്പ് പരാതിയിൽ അന്വേഷണം. മൂന്നാം കണ്ണ് സിദ്ധി നേടി അഭിവൃദ്ധിയുണ്ടാക്കാമെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഹിമാലയൻ മിസ്റ്റിക് തേർഡ് ഐ ട്രസ്റ്റിനെതിരെയാണ് ആരോപണം. ഹിമാലയൻ മാസ്റ്റർ എന്നറിയപ്പെടുന്ന അഷ്റഫ് അടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
പ്രപഞ്ചോർജത്തെ ഉപയോഗിച്ച് നേട്ടമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ക്ലാസുകൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു. കേരളത്തിൽ ഉടനീളം ട്രെയിനിങ് ക്ലാസുകൾ സംഘടിപ്പിച്ചു. ജീവിതത്തിലെ സമഗ്രമായ മേഖലകളിലും അഭിവൃദ്ധി നേടാമെന്നായിരുന്നു വാഗ്ദാനം. ക്ലാസുകളില്‍ പങ്കെടുത്താല്‍ മൂന്നാം കണ്ണ് തുറക്കാന്‍ കഴിയുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ക്ലാസിൽ പങ്കെടുത്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്ന് പരാതിക്കാർ പറയുന്നത്.
Read Also: തൃശൂരിലെ ബാങ്ക് കൊള്ള; പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം
ആത്മീയമായ ഉണര്‍വുകള്‍ ഉണ്ടാക്കാനായി ഹിമാലയത്തില്‍ നിന്ന് ഔഷധക്കൂട്ടുകള്‍ ഉണ്ടെന്നും അഷ്റഫ് ഒരു ആൾദൈവത്തെ പോലെയായിരുന്നു പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. ആദ്യ ഘട്ടത്തിൽ 14,000 മുതലാണ് ഒരു ക്ലാസിന് വാങ്ങിച്ചിരുന്നത്. പിന്നീട് പല രൂപത്തിൽ പണം വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നു. മലപ്പുറം ഒഴിച്ച് 13 ജില്ലകളിലും അഷ്റഫ് ക്ലാസുകൾ നടത്തിയിട്ടുണ്ട്.
വിചാരിച്ച കാര്യങ്ങള്‍ സാധിക്കും, രോഗങ്ങള്‍ മാറും, സാമ്പത്തിക ബുദ്ധിമുട്ട് മാറും, കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും, തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും, ആത്മീയമായി ഉയര്‍ച്ചയില്‍ എത്തും എന്നിങ്ങനെ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. പ്രപഞ്ചത്തില്‍ താന്‍ മാത്രമാണ് ഏക ഗുരു എന്ന ആശയത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നു. ഗുരുവിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുന്നതിനായി പ്രത്യേകം ഫീസ് ഈടാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു. പരാതി ഉയർന്നതിന് പിന്നാലെ ട്രസ്റ്റിന്റെ സൈറ്റ് അപ്രത്യക്ഷമായി.
Story Highlights : Case registered in Spiritual fraud in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here