ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറണമെന്ന് ആവർത്തിച്ച് ഇന്ത്യ; എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറി

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറണമെന്ന് ആവർത്തിച്ച് ഇന്ത്യ. നേരത്തെ ഈ ആവശ്യം യു എസ് തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ കൈമാറാൻ ഉള്ള എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറി. ഗുണ്ടാനേതാക്കളായ അൻമോൾ ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരും പട്ടികയിലുണ്ട്.
എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതക ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരനാണ് അൻമോൾ. പഞ്ചാബി ഗായകൻ സിദ്ധു മൂസ വാല കൊലക്കേസിലെ മുഖ്യപ്രതിയാണ് ഗോൾഡി ബ്രാർ. പാക്ക് വംശജനായ യുഎസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി 2008 നവംബർ 26നു മുംബൈയിൽ 166 പേരുടെ മരണത്തിൽ കലാശിച്ച കൂട്ടക്കൊലയിൽ നിർണായക പങ്കാളിയാണ്. 2013ൽ യുഎസ് ഫെഡറൽ കോടതി 35 വർഷം തടവു ശിക്ഷ വിധിച്ചിരുന്നു.
Read Also: യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തിയേക്കും
ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി യുഎസിൽനിന്നു വിമാനം കയറാൻ ശ്രമിക്കുന്നതിനിടെ എഫ്‌ബിഐ 2009 ൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിലാണു ഹെഡ്‌ലിയെ അറസ്റ്റു ചെയ്തത്. മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ നേരത്തെ അമേരിക്ക തയാറായിരുന്നു. തഹാവുർ റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.
ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ഡിസംബർ 16ന് അമേരിക്കൻ സോളിസിറ്റർ ജനറൽ റാണയുടെ ഹർജി പരിഗണിക്കരുതെന്നും തള്ളണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.
Story Highlights : India demand for David Coleman Headley extradition and gives list of 8 wanted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here