Advertisement

കോഴിക്കടകളും പൂട്ടിപ്പോയ തട്ടുകടകളും ചേര്‍ത്താണ് ചെറുകിട സംരംഭങ്ങൾക്ക് മുന്നേറ്റം ഉണ്ടായെന്ന് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്: കെ സുധാകരൻ

February 16, 2025
2 minutes Read

കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേന്ദ്രസര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്‌ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.

ഉദ്യം പദ്ധതിയില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വായ്പയും സബ്‌സിഡിയും സര്‍ക്കാര്‍ പദ്ധതികളുമൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ആളുകള്‍ വ്യാപകമായ തോതില്‍ രജിസ്‌ട്രേഷന്‍ നടത്തി. ഇതു നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെ പ്രകാരം 2018-19ല്‍ ഉണ്ടായിരുന്നത് 13826 ചെറുകിട സംരംഭങ്ങളാണ്. 2019-20ല്‍ 13695 ഉം, 2020-21ല്‍ 11540 ഉം 2021- 22ല്‍ 15285 ഉം സംരംഭങ്ങളുണ്ടായിരുന്നു. 2020ല്‍ ഉദ്യം പദ്ധതി വന്നതിനെ തുടര്‍ന്ന് 2020-21ല്‍ സംരംഭങ്ങളുടെ എണ്ണം 1,39,839 ആയി കുതിച്ചുയര്‍ന്നു. തൊട്ടടുത്ത വര്‍ഷം 1,03596 ആയി. ഇപ്പോഴത് 2.90 ലക്ഷമായെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. രണ്ടു മിനിറ്റില്‍ വ്യവസായം തുടങ്ങാമെന്നത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താന്‍ മന്ത്രി തയാറാണോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ എംഎസ്എംഇ സര്‍വെയില്‍ കേരളം ഒന്നാമതായിരുന്നു.

ഐടിയിലുണ്ടായ വളര്‍ച്ചയുടെ കാര്യത്തിലും പൊങ്ങച്ചത്തില്‍ കവിഞ്ഞൊന്നുമില്ല. കേരളത്തിന്റെ ഐടി കയറ്റുമതി ഇപ്പോള്‍ 24000 കോടി രൂപയുടേതാണെങ്കില്‍ കര്‍ണാടകത്തിന്റേത് 4.11 ലക്ഷം കോടിയും തെലുങ്കാനയുടെത് 2 ലക്ഷം കോടിയുമാണ്. തമിഴ്‌നാടിന്റേത് 1.70 ലക്ഷം കോടിയും. പ്രധാനമന്ത്രി നരേന്ദ്രമോദി യുവസംരംഭകരെ വാര്‍ത്തെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് തുടക്കമിട്ടത് 2016ല്‍ ആണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് 2011ല്‍ തുടക്കമിട്ടു. അവിടെ നിന്ന് കേരളം അര്‍ഹിക്കുന്ന വളര്‍ച്ച ഉണ്ടായില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഇപ്പോള്‍ ഏറ്റവും പിന്നിലാണ്.

സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഐഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top