Advertisement

അന്ന് കെ വി തോമസ് ഇന്ന് തരൂര്‍, സിപിഐഎമ്മിന്റെ ലക്ഷ്യം ഫലം കാണുമോ ?

February 16, 2025
Google News 2 minutes Read

കേരളത്തിലെ വ്യവസായ വളര്‍ച്ചയെക്കു പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എം പിയുമായ ശശി തരൂര്‍ എഴുതിയ ലേഖനം സി പി ഐ എമ്മിന് വീണുകിട്ടിയ പിടിവള്ളിയായി മാറുകയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി അത്രസുഖത്തിലല്ലാത്ത ശശി തരൂരിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സംസ്ഥാന, ദേശീയ നേതാക്കള്‍ രംഗത്തെത്തിയതോടെ തരൂര്‍ വിഷയം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. തരൂരിന്റെ ലേഖനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനുള്ള സി പി ഐ എം ശ്രമമാണ് കോണ്‍ഗ്രസിനേയും യു ഡി എഫിനേയും ആശങ്കപ്പെടുത്തുന്നത്.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയത്തെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതിതിയതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.
ആദ്യദിവസം ലേഖനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ തരൂര്‍. വിഷയം ദേശീയതലത്തില്‍ വിവാദമായതോടെ തരൂര്‍ മലക്കം മറിഞ്ഞു. താന്‍ കേരള സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നും, സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്നുമാണ് പുതിയ ന്യായവാദം. എന്നാല്‍ സി പി എം നേതാക്കള്‍ കൂട്ടത്തോടെ തരൂരിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കയാണ്.

2022 ല്‍ കണ്ണൂരില്‍ നടന്ന 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രൊഫ. കെ വി തോമസിനെ എത്തിച്ച അതേ പാതയില്‍ ഇത്തവണ ശശി തരൂരിനെ ലക്ഷ്യമിട്ടാണ് സി പി എം നീങ്ങുന്നത്. ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയാണെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. തരൂരിനെ വാനോളം പുകഴ്ത്തിയ എ കെ ബാലന്‍ വിപ്ലവകാരിയെന്നാണ് തരൂരിനെ വിശേഷിപ്പിച്ചത്.

2022 ലെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ അന്ന് രണ്ട് കോണ്‍ഗ്രസ് നേതാക്കളെയാണ് സി പി എം ക്ഷണിച്ചിരുന്നത്. അതില്‍ ഒരാള്‍ ശശി തരൂര്‍ എം പിയും മറ്റൊരാള്‍ കെ വി തോമസുമായിരുന്നു. എറണാകുളം പാര്‍ലമെന്റ് സീറ്റു നിഷേധിച്ചതോടെ കോണ്‍ഗ്രസില്‍ അസ്വസ്ഥനായിത്തുടങ്ങിയ കെ വി തോമസിനെ സി പി എം ലക്ഷ്യമിടുകയായിരുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും തഴയപ്പെട്ടതോടെയാണ് കെ വി തോമസ് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി അകലാന്‍ തുടങ്ങിയത്. കെ പി സി സി അധ്യക്ഷനാവാനായി സാധ്യതകള്‍ ആരാഞ്ഞ് രംഗത്തിറങ്ങിയ തോമസ് മാഷ് പിന്നീട് സി പി എം പാളയത്തില്‍ അഭയം തേടേണ്ടിവന്നു എന്നത് മറ്റൊരു ചരിത്രം.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം തള്ളിയ കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. വിലക്കുകാരണം തരൂര്‍ സെമിനാറില്‍നിന്നും വിട്ടുനിന്നു. കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതോടെ കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്നും പടിക്കു പുറത്തായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് റാലിയില്‍ മുഖ്യമന്ത്രിക്കും സി പി എം നേതാക്കള്‍ക്കുമൊപ്പം വേദി പങ്കിടുകയും പരസ്യമായി കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറയുകയും ചെയ്തതോടെ കെ വി തോമസ് പൂര്‍ണമായും കോണ്‍ഗ്രസ് വിരുദ്ധനായി. സി പി എം പാളയത്തില്‍ എത്തിയ കെ വി തോമസ് പിന്നീട് കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയായി ക്യാബിനറ്റ് റാങ്കില്‍ നിയനം നേടി ആശ്വാസം കണ്ടെത്തി.

എ ഐ സി സി അധ്യക്ഷസ്ഥാനത്തിനായി മത്സരിക്കാനിറങ്ങിയതാണ് ഗാന്ധി കുടുംബത്തിനും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും തരൂര്‍ അനഭിമതനായി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം തരൂര്‍ കേരളത്തില്‍ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങളും കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. കെ പി സി സി യുമായി ആലോചിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. നേതൃത്വത്തിന് നിരന്തരം തലവേദനയായി ശശി തരൂര്‍ മാറുന്നുവെന്ന പരാതിയാണ് കെ പി സി സിക്കുള്ളത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ പരസ്യമായി തന്നെ ശശി തരൂരിനെ നേരത്തെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും സി പി എം പാളയത്തിലേക്ക് തരൂരിനെ എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സി പി എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഏ കെ ബാലനും ശശി തരൂരിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കയാണ്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന സി പി എം 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ ശശി തരൂര്‍ പങ്കേടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

കഴിഞ്ഞ എട്ടുവര്‍ഷത്തിലേറെയായി വ്യവസായകമായി കേരളം ഏറെ വളര്‍ച്ചയില്ലെന്നും വ്യവസായങ്ങള്‍ക്ക് പറ്റിയ സാഹചര്യമല്ല കേരളത്തിലെന്നുമുള്ള യു ഡി എഫിന്റെ നിലപാടിന് വിരുദ്ധമായാണ് ശശി തരൂര്‍ തന്റെ ലേഖനത്തില്‍ കേരളത്തിന്റെ വ്യവയാസ വളര്‍ച്ചയെകുറിച്ച് പുകഴ്ത്തിയിരിക്കുന്നത്. നല്ലത് ആര് ചെയ്താലും അത് നല്ലതെന്ന് പറയുമെന്നായിരുന്നു ലേഖനം വിവാദമായപ്പോള്‍ ശശി തരൂരിന്റെ ആദ്യപ്രതികരണം. ലേഖനം വായിക്കണമെന്ന് പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ശശി തരൂരിനെതിരെ രംഗത്തെത്തിയതോടെ വിഷയം മയപ്പെടുത്താനായി ശ്രമം.

തരൂരിന്റെ നീക്കത്തില്‍ മുസ്ലിം ലീഗും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ സംസ്ഥാനത്തെ യു ഡി എഫ് നേതൃത്വം കൂടുതല്‍ രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കയാണ്.

Story Highlights : KV Thomas then, Tharoor today, will the CPIMs goal come True

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here