പ്രയാഗ്‌രാജിൽ ഭക്തലക്ഷങ്ങൾ മുങ്ങിക്കുളിക്കുന്ന നദിയിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യത്തിൽ നിന്നുള്ള കോളിഫോം: കേന്ദ്ര റിപ്പോർട്ട്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ ആളുകൾ പുണ്യസ്‌നാനം ചെയ്ത നദീജലത്തിൽ ഉയർന്ന അളവിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യത്തിൽ നിന്നുള്ള ഫേക്കൽ കോളിഫോം കണ്ടെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ദേശീയ ഹരിത ട്രൈബ്യൂണലിന് (എൻജിടി) സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പല സമയത്തായി നദിയുടെ പല ഭാഗത്ത് നിന്നായി ശേഖരിച്ച സാമ്പിളുകളിൽ എല്ലാം കോളിഫോം കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുളിക്കാനുള്ള ജലത്തിൻ്റെ ഗുണനിലവാരവുമായി നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം പൊരുത്തപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. മഹാ കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിൽ നദിയിൽ കുളിക്കുന്ന ധാരാളം ആളുകൾ മലമൂത്ര വിസർജ്ജനം നടത്തിയത് ജലത്തിലെ കോളിഫോം സാന്ദ്രത വർദ്ധിക്കാൻ കാരണമായി. ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്‌തവ അധ്യക്ഷനായ ജസ്റ്റിസ് സുധീർ അഗർവാൾ, സെന്തിൽ വേൽ എന്നിവർ അടങ്ങിയ പ്രിൻസിപ്പൽ ബെഞ്ചാണ് ഇത് സംബന്ധിച്ച പരാതി പരിശോധിക്കുന്നത്. ഗംഗ, യമുന നദികളിലെ ജലത്തിൻ്റെ ഗുണമേന്മ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഈ ബെഞ്ചാണ്.
എന്നാൽ കേസിൽ ട്രൈബ്യൂണൽ ആവശ്യപ്പെട്ട പ്രകാം ഉത്തർ പ്രദേശിലെ മലിനീകരണ നിയന്ത്രണ ബോർഡ് സംക്ഷിപ്‌ത റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വെള്ളം പരിശോധിച്ചതിൻ്റെ ചില ഫലങ്ങൾ മാത്രമാണ് ഇവർ ഹാജരാക്കിയത്. കേസ് നാളെ പരിഗണിക്കാനായി മാറ്റിയ കോടതി യുപി പിസിബിയുടെ മെമ്പർ സെക്രട്ടറിയോടും സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയോടും ഓൺലൈനായി നാളെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights : High levels of microbes from human excreta found in river water at Maha Kumbh: report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here