Advertisement

അന്ത്യ ചുംബനം നല്‍കാന്‍ വാപ്പയും ഉമ്മയുമില്ല; ഏകനായി അഫ്സാന്റെ മടക്കം

February 25, 2025
Google News 1 minute Read

ഉമ്മ അതിക്രൂരമായി ആക്രമിക്കപ്പെട്ട് ജീവനുവേണ്ടി മല്ലടിച്ച് ആശുപത്രിക്കിടക്കയില്‍, നാട്ടില്‍ വരാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയില്‍ വിദേശ നാട്ടില്‍ ഉപ്പ. പ്രിയപ്പെട്ടവര്‍ക്ക് അവസാനമായൊന്ന് കാണാന്‍ പോലും സാധിക്കാതെയായിരുന്നു അഫ്സാന്റെ മടക്കം. എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന സഹോദരന്‍ ഇഷ്ട ഭക്ഷണം വാങ്ങി നല്‍കുമ്പോള്‍ ആ 13കാരന്‍ ഒരിക്കലും കരുതിക്കാണില്ല, സ്വന്തം ചോര തന്നെ തന്റെ ജീവനെടുക്കുമെന്ന്. എന്തിനായിരുന്നു തന്നോടീ ക്രൂരതയെന്ന് ഒരുപക്ഷേ ജീവന്‍ പൊലിയുമ്പോഴും ആ കുഞ്ഞിന് മനസിലായിക്കാണില്ല. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അഫ്സാനെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പേരുമലയൊന്നാകെ ഒഴുകിയെത്തി.

ബോധം വീണ്ടെടുത്ത അഫാന്റെ മാതാവ് ഷെമി ആദ്യം അന്വേഷിച്ചത് അഫ്സാനെയാണ്. മോനെയിങ്ങ് കൊണ്ടു വരണം എന്നാണ് പറ്റാവുന്ന രീതിയില്‍ ആ അമ്മ പറഞ്ഞതെന്ന് ഇവരുടെ അടുത്ത ബന്ധുവും പറയുന്നു. അഫാന്‍ ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചത് മാതാവ് ഷെമിയെയായിരുന്നു. ഷെമിയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിക്കുകയായിരുന്നു പ്രതി. തലയിടിച്ച് ബോധരഹിതയായ മാതാവ് കൊല്ലപ്പെട്ടെന്ന് കരുതി മുറിയിലിട്ട് പൂട്ടിയാണ് അഫാന്‍ മറ്റ് കൊലപാതകങ്ങള്‍ നടത്തിയത്.

Read Also: ഫർസാനയെ കസേരയിലിരുത്തി മുഖം വികൃതമാക്കാൻ അഫ്സാന് എങ്ങിനെ കഴിഞ്ഞു

അനുജന്റെ തോളില്‍ കൈയ്യിട്ട് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് വരുന്ന അഫാനെ പ്രദേശത്ത് കട നടത്തുന്ന സ്ത്രീ ഓര്‍ത്തെടുക്കുന്നുണ്ട്. കെട്ടിപ്പിടിച്ചുകൊണ്ട് പള്ളിയില്‍ പോകുന്ന സഹോദരങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍ ഇവര്‍ക്ക് എന്തുപറ്റിയെന്ന് ആശ്ചര്യപ്പെടുകയാണ് അവരും. തണുത്ത വെള്ളവും കേക്കുമൊക്കെ വാങ്ങാന്‍ കടയിലേക്ക് ഓടി വരുന്ന കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ പലപ്പോഴും ഇവരുടെ ശബ്ദമിടറുന്നുണ്ട്. എന്തു പറഞ്ഞാലും ചിരിച്ചുകൊണ്ടിരിക്കുന്ന അഫ്സാനെ കുറിച്ച് പറയുമ്പോള്‍ സങ്കടം കൊണ്ട് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഇന്നലെ നാലരയ്ക്ക് സ്‌കൂള്‍ വിട്ട് വരുന്ന വഴി കുഞ്ഞിനെ കണ്ടിരുന്നവെന്ന് ഇവര്‍ പറയുന്നു. പിന്നീട് അഫാന്‍ ബൈക്കില്‍ അഫ്‌സാനെ കൂട്ടി പോകുന്നത് കണ്ടെന്നും തിരിച്ച് കുട്ടി ഓട്ടോയില്‍ വരുന്നതും കണ്ടുവെന്നും ഇവര്‍ ട്വന്റിഫോറിനോട് പറഞ്ഞു. അഫ്‌സാനെ മന്തിക്കടയിലേക്ക് കൊണ്ടുപോയെന്ന് ഓട്ടോ ഡ്രൈവറും സ്ഥിരീകരിച്ചിട്ടുണ്ട്.

തലയിടിച്ച് ബോധരഹിതയായ മാതാവ് കൊല്ലപ്പെട്ടു എന്ന ധാരണയില്‍ വീട്ടിലെ മുറിക്കുള്ളിലാക്കി പൂട്ടിയ ശേഷം പ്രതി പോയത് പാങ്ങോട് പിതൃമാതാവ് സല്‍മാ ബീവിയുടെ വീട്ടിലേക്കാണ്. ആഭരണം ചോദിച്ചു തര്‍ക്കമായതോടെ സല്‍മയെ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊന്നു. തുടര്‍ന്ന് അവിടെ നിന്നും ആഭരണവുമായി വെഞ്ഞാറമ്മൂട് എത്തി പണയം വെച്ചു. അവിടെ നില്‍ക്കുമ്പോഴാണ് പിതൃസഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിക്കുന്നത്. ഇതോടെ വെഞ്ഞാറമ്മൂട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ നിന്നും ചുറ്റിക വാങ്ങി. നേരെ ചുള്ളാളത്തെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തി.ഇവിടെ മല്‍പിടുത്തത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു.പിന്നാലെ പെണ്‍സുഹൃത്തു ഫര്‍സാനയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ചു കൊലപ്പടുത്തി. അവസാനം കൊലപ്പെടുത്തിയത് സഹോദരന്‍ അഹ്സാനെയാണ്. സ്വീകരണമുറിയില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അഫ്സാന്റെ മൃതദേഹം.

Story Highlights : Venjaramood murder: brother Afsan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here