Advertisement

ഫർസാനയെ കസേരയിലിരുത്തി മുഖം വികൃതമാക്കാൻ അഫ്സാന് എങ്ങിനെ കഴിഞ്ഞു

February 25, 2025
Google News 1 minute Read
farsana

വീട്ടിൽ നിന്ന് ട്യൂഷനെടുക്കാൻ പോകുന്നുവെന്ന് കള്ളം പറഞ്ഞ് മുക്കുന്നൂരിലെ അമൽ മൻസിലിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഫർസാന അറിഞ്ഞിരുന്നില്ല ഇനി സ്വന്തം വീട്ടിലേക്ക് ഒരു മടക്കമില്ലെന്ന്. ഫർസാനയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ നിൽക്കുകയാണ് ഇപ്പോഴും വെഞ്ഞാറമൂട് മൂക്കുന്നൂർ ഗ്രാമത്തിലുള്ളവർ. നാട്ടുകാർക്കെല്ലാം വളരെ സൈലന്റായ കുട്ടിയായിരുന്നു അവൾ. സ്കൂൾ കാലം മുതൽക്കേ പഠനത്തിൽ മിടു മിടുക്കിയായിരുന്നു ഫർസാന, അതുകൊണ്ടുതന്നെ തുടർ പഠനത്തിനായി ആഗ്രഹിച്ച വിഷയത്തിൽ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്തു. അഞ്ചൽ സെൻറ് ജോൺസ് കോളേജിലെ എംഎസ്‌സി വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. കുടുംബത്തിന്റെ പ്രതീക്ഷ. പിതാവ് സുനിൽ വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ്.

പഠനകാര്യത്തിൽ ഏറെ താൽപ്പര്യം കാണിച്ചിരുന്ന ഫർസാന നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു. ആറുവർഷം മുമ്പാണ് കുടുംബം മുക്കുന്നൂരിൽ താമസം തുടങ്ങിയത്. ചുറ്റുവട്ടത്തെ കുട്ടികളുടെ ട്യൂഷൻ ടീച്ചർ. അങ്ങിനെയാണ് അഫ്സാനുമായി ഫർസാന പരിചയത്തിലാകുന്നത്. ആ പരിചയം പിന്നീട് പ്രണയമായി. ട്യൂഷനെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വൈക്കീട്ട് മൂന്നരയോടുകൂടി ഫർസാന അവസാനമായി തിടുക്കത്തിൽ വീട്ടിൽ നിന്നിറങ്ങുന്നത്. പിന്നീട് ബൈക്കുമായെത്തിയ അഫാന്റെ കൂടെ ഫർസാന വെഞ്ഞാറമൂടിലെ പ്രതിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.

മനസാക്ഷിയെ ഞെട്ടിച്ച അരുംകൊലയായിരുന്നു പിന്നീട് നടന്നത്. അഫാൻ ആദ്യം ആക്രമിച്ചത് മാതാവ് ഷെമിയെയാണ്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയശേഷം നിലത്തേക്ക് എറിഞ്ഞു.

തലയിടിച്ച് ബോധരഹിതയായ മാതാവ് കൊല്ലപ്പെട്ടു എന്ന ധാരണയിൽ വീട്ടിലെ മുറിക്കുള്ളിലാക്കി പൂട്ടി. ശേഷം പ്രതി പോയത് പാങ്ങോട് പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്ക്. ആഭരണം ചോദിച്ചു തർക്കമായതോടെ സൽമയെ ഭിത്തിയിൽ തലയിടിപ്പിച്ചു കൊന്നു. തുടർന്ന് അവിടെ നിന്നും ആഭരണവുമായി അഫാൻ വെഞ്ഞാറമ്മൂട് എത്തി പണയം വെച്ചു. അവിടെ നിൽക്കുമ്പോഴാണ് പിതൃസഹോദരൻ ലത്തീഫ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഫോണിൽ വിളിക്കുന്നത്. അഫാന്റെ പിതാവ് വിദേശത്തായതിനാൽ കുടുംബത്തിലെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയിരുന്നത് ലത്തീഫായിരുന്നു.

വെഞ്ഞാറമ്മൂട് ബസ് സ്റ്റാൻഡ് പരിസരത്തെ ഹാർഡ്വെയർ സ്റ്റോറിൽ നിന്നും ചുറ്റിക വാങ്ങി നേരെ ചുള്ളാളത്തെ ജിസ്‌ന മൻസിലിൽ എത്തി ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തി. ക്രൂരമായിട്ടാണ് അഫാൻ ലത്തീഫിനെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് 20 ത്തോളം തവണയാണ് ലത്തീഫിനെ അടിച്ചത്. വീടിന്റെ ഹോളിനകത്ത് സോഫയിലിരിക്കുന്ന നിലയിലായിരുന്നു ലത്തീഫിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. അടുക്കളയിൽ രക്തത്തിൽക്കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ലത്തീഫിന്റെ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ മുകളിലെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്. ഫർസാനയുടെ നെറ്റിയിൽ ചുറ്റികകൊണ്ട് അടിച്ച ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നെഞ്ചു മുതൽ മുഖം വരെയും അടിയേറ്റിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയതാണ് മരണകാരണം. ഫർസാനയുടെ മുഖം ആകെ വികൃതമായ നിലയിലായിരുന്നു. അവസാനം കൊലപ്പെടുത്തിയത് സഹോദരൻ അഫ്സാനെയാണ്.കളി സ്ഥലത്തായിരുന്ന അഫ്സാനെ കുഴിമന്തി കഴിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലയുടെ ഒരു ഭാഗത്ത് ടി ആകൃതിയിലാണ് മുറിവ്. തലയുടെ പിറകിൽ ആഴത്തിൽ മുറിവുണ്ട്. ചെവിയിലും മുറിവുണ്ട്.

ആളുകളുമായി വലിയ സമ്പർക്കമൊന്നും ഇല്ലെങ്കിലും വലിയ കുഴപ്പക്കാരനായിട്ടൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരൻ ഇത്രയും ഹീനകൃത്യം നടത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ.

Story Highlights : Venjaramood murder case; Girl friend farsana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here