അന്ന് മോഹൻലാൽ സിനിമയിൽ അവസരം ലഭിച്ചില്ല, ഇന്ന് എമ്പുരാന്റെ ക്യാമറമാൻ

വർഷങ്ങൾക്ക് മുൻപ് ഒരു മോഹൻലാൽ ചിത്രത്തിൽ വർക്ക് ചെയ്യണമെന്ന ആഗ്രഹം നിരാകരിക്കപ്പെട്ട അനുഭവം തുറന്നു പറഞ്ഞ് എമ്പുരാന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്. താൻ സീരിയലുകളിൽ ജോലി ചെയ്യുന്ന സമയം മോഹൻലാലിന്റെ ഒരു സിനിമ തുടങ്ങുന്നു എന്നറിഞ്ഞു ചിത്രത്തിന്റെ പ്രൊഡ്യൂസറിനെ സമീപിച്ചപ്പോൾ അദ്ദേഹം തന്റെ ആവശ്യത്തെ അംഗീകരിച്ചില്ല. എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായി മോഹൻലാലിനെ നായകനാക്കി ഒരു സംവിധായകൻ ചെയ്ത ചിത്രമായിരുന്നു അത്. ചിത്രം നിർമ്മിച്ച തിരുവനന്തപുരംകാരനെ സീരിയലുകളിൽ വർക്ക് ചെയുന്ന സമയം എനിക്ക് പരിചയമുണ്ടായിരുന്നു. 2007 ലോ 2006 ആയിരുന്നു സംഭവം, അദ്ദേഹത്തെ ഞാൻ വിളിച്ച് അദ്ദേഹത്തോട്, ‘ഞാൻ അസോസിയേറ്റഡ് ആയി വർക്ക് ചെയ്യുന്നുണ്ട്, ഒരു നല്ല ചിത്രം ചെയ്യാൻ താല്പര്യമുണ്ട്, ഇതൊരു നല്ല ചിത്രമാകുമെന്നും ഉറപ്പുണ്ട്, എനിക്കിതിൽ വർക്ക് ചെയ്യാൻ താല്പര്യമുണ്ട് ചേട്ടാ’ എന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത്, ഇതൊരു വലിയ ചിത്രമാണ്, നിങ്ങൾ ചെറിയ ചെറിയ ചിത്രങ്ങൾ ചെയ്ത് തുടങ്ങൂ, എന്നായിരുന്നു” സുജിത്ത് വാസുദേവ് പറയുന്നു.
അന്ന് തനിക്ക് വിഷമം തോന്നി എങ്കിലും, അത് അന്നത്തെ തന്റെ അറിവില്ലായ്മയുടെ പ്രശ്നമായിരുന്നു എന്നും നിർമ്മാതാവിന്റെ ഭാഗത്തു തെറ്റില്ല സിനിമ ചെയ്തിട്ടില്ലാത്ത ഒരാൾക്ക് അത്ര വലിയ പടം നൽകാൻ സാധില്ല എന്നും സുജിത്ത് വാസുദേവ് പറയുന്നു. അന്ന് വർക്ക് ചെയ്യാനാവാതെ പോയ ആ മോഹൻലാൽ ചിത്രമേതാണ് എന്ന് സജിത്ത് വാസുദേവ് പറഞ്ഞില്ലായെങ്കിലും വിവരിച്ചതിലെ സൂചനകൾ വെച്ച് അത് ചോട്ടാ മുംബൈ ആകാം എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
ലൂസിഫർ, എമ്പുരാൻ, ദൃശ്യം 1,2, അനാർക്കലി, മെമ്മറീസ്, സിറ്റി ഓഫ് ഗോഡ്, സെവൻത് ഡേ, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണവും ജെയിംസ് ആൻഡ് ആലീസ്, ഓട്ടർഷ എന്നീ ചിത്രങ്ങളുടെ സംവിധാനവും സുജിത്ത് വാസുദേവ് ചെയ്തിട്ടുണ്ട്.

Story Highlights : Sujith Vasudev didn’t get a chance in a Mohanlal film then, now he is the cinematographer of Empuraan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here