Advertisement

കൂകി വിളിച്ചതിന് പ്രതികാരം; കൈയിൽ ആയുധങ്ങൾ, ഷഹബാസിനെ വളഞ്ഞിട്ട് ആക്രമിച്ചു; ജീവനെടുത്ത് ക്രൂരമർദനം

March 1, 2025
Google News 2 minutes Read

ചെറിയ ഒരു പ്രശ്നത്തിൽ തുടങ്ങിയ പകയാണ് കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ജീവനെടുത്തതിലേക്ക് നയിച്ചിരിക്കുന്നത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. വാട്സ്ആപ്പ്, ഇൻസ്റ്റാ​ഗ്രാം ​ഗ്രൂപ്പുകൾ രൂപീകരിച്ച് ആക്രമണം ആസൂത്രണം ചെയ്താണ് അക്രമി സംഘം ഷഹബാസിനെ ക്രൂരമായി മർദിച്ചത്. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർ‌ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഫെയർവെൽ പരിപാടിക്കിടെ എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ഒരു പരിപാടി അവതരിപ്പിക്കുന്നു. എന്നാൽ ഈ പരിപാടി പൂർത്തിയാക്കാൻ ഇവർക്ക് കഴിയാതെ വന്നു. ഈ സമയത്ത് താമരശ്ശേരി കോരങ്ങാട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഇതിനെ കൂകി വിളിച്ചു. ഇത് എതിർ ചേരിയിലെ വിദ്യാർത്ഥികളിൽ പകയുണ്ടാക്കുകയായിരുന്നു. ഇതൊരു അപമാനമായി അവർക്ക് തോന്നി. തുടർന്ന് രണ്ട് വിദ്യാർത്ഥികളും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ പക പോക്കാൻ വിദ്യാർത്ഥികൾ വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും വിദ്യാർത്ഥികൾ ഗ്രൂപ്പ് തുടങ്ങി. കൂകി വിളിച്ച് അപമാനിച്ച മറ്റ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ഈ ഒരു ഗ്രൂപ്പിൽ ആഹ്വാനം ചെയ്യുകയായിരുന്നു. അവരെ ആക്രമിക്കണമെന്നും ഗ്രൂപ്പിൽ തീരുമാനം എടുക്കുന്നു. തുടർന്നാണ് ക്രൂര മർദനത്തിന് ആസൂത്രണം ചെയ്തത്.

Read Also: താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇരു സ്‌കൂളിലെയും വിദ്യാർത്ഥികൾ താമരശ്ശേരിയിൽ സംഘടിച്ചെത്തുകയായിരുന്നു. ഇതിനിടെയിലാണ് ഷഹബാസിനെ വീട്ടിലെത്തി സുഹൃത്തുക്കൾ കൊണ്ടുപോകുന്നത്. ഷഹാബാസ് ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയല്ലായിരുന്നു. തുടർന്ന് വലിയ സംഘർഷമാണ് ഉണ്ടായത്. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ ഏറ്റമുട്ടിയത്. ഇതിൽ ആദ്യത്തെ തവണ ഏറ്റുമുട്ടിയപ്പോഴാണ് ഷഹബാസിനെ ക്രൂരമായി മർദിച്ചത്. വട്ടംകൂടി തലക്കും പിന്നിലും മർദിക്കുകയായിരുന്നു. ആയുധങ്ങളുമായാണ് വിദ്യാർത്ഥികൾ എത്തിയിരുന്നത്. നഞ്ചക്കും, ഇടിവളയും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.

തലക്ക് ​ഗുരുതരമായി ഷഹബാസിന് പരുക്കേറ്റിരുന്നു. ഒപ്പമുള്ളവർ വീട്ടിലെത്തിച്ചു. എന്നാൽ ആക്രമണം നടന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് രാത്രി ആയപ്പോഴേക്കും ഷഹബാസ് ഛർദിച്ചു. തുടർന്ന് ഷഹബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് ക്രൂരമർദനത്തിന്റെ വിവരം പുറത്തുവരുന്നത്. തലച്ചോറിന് 70 ശതമാനത്തോളം ക്ഷതം ഏറ്റ ഷഹബാസ് കോമയിലായിരുന്നു. ഇന്നലെ രാത്രി 12.30ഓടെ വിദ്യാർത്ഥിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അ‍ഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മൂന്ന് പേർ നേരത്തെ ചില കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Story Highlights :  Thamarassery Student death Shahbas was attacked Brutally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here