ചോദ്യപേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി

ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി MS സൊല്യൂഷൻസ് CEO ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്ന് രാവിലെയാണ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനിടെ കേസിലെ രണ്ടാം പ്രതിയായ അധ്യാപകൻ ഫഹദ്, മൂന്നാം പ്രതി ജിഷ്ണു എന്നിവർക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, എം എസ് സൊല്യൂഷൻസിനെ തകർക്കാൻ പ്രധാന സ്ഥാപനം ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് കേസെന്നും ഷുഹൈബ് ആരോപിച്ചു. ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണ്. കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും തെളിവുകൾ കൈവശമുണ്ടെന്നും ഷുഹൈബ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Also: ചോദ്യപേപ്പർ ചോർച്ച കേസ്; പ്രതി ഷുഹൈബിന്റെ മുൻകൂർ ജാമ്യം തള്ളി ഹൈക്കോടതി
മറ്റൊരു ട്യൂഷൻ സ്ഥാപനം എം എസ് സൊല്യൂഷൻസിനെ തകർക്കാൻ ഫഹദിനെ പറഞ്ഞയച്ചു. തൻ്റെ നാട്ടിലെ പ്രമുഖനായ പ്രാദേശിക നേതാവിന് മറ്റൊരു ട്യൂഷൻ സ്ഥാപനം 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും തെളിവുകൾ കൈവശമുണ്ടെന്നും ഷുഹൈബ് പ്രതികരിച്ചു.
പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നതിലാണ് കേസ് അന്വേഷണം തുടരുന്നത്. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും നടപടികൾ തുടങ്ങി. വകുപ്പ് തല നടപടികൾ തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.
എംഎസ് സൊല്യൂഷൻസിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസർ എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നല്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെ ചോർത്തിയതെന്നാണ് വിവരം.
Story Highlights : Question paper leak case; Main accused Shuhaib surrenders at Crime Branch office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here