Advertisement

‘ചതി, വഞ്ചന, അവഹേളനം’ ; എഫ്ബി പോസ്റ്റ് ഡിലീറ്റ് ചെയ്ത് എ പത്മകുമാർ

March 9, 2025
Google News 2 minutes Read
padmakumar

സിപിഐഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പിൻവലിച്ചു. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പോസ്റ്റ് മാറ്റിയത് എന്നാണ് സൂചന. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്ന് കുറിച്ച പോസ്റ്റാണ് പിൻവലിച്ചത്. സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സമ്മേളനത്തിന് നില്കാതെയായിരുന്നു അദ്ദേഹം കൊല്ലത്ത് നിന്ന് പോയത്.

യുവാക്കളെ എടുക്കുന്നതിനൊപ്പം ബാക്കിയുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്ന നിലപാടായിരുന്നു പത്മകുമാർ നേരെത്തെ മുതൽ സ്വീകരിച്ചിരുന്നത്. വീണാ ജോര്‍ജിനെ എടുത്തതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ഒരു പരിഗണന കിട്ടേണ്ടിയിരുന്നു എന്ന മാനസികാവസ്ഥയുണ്ടെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

അതേസമയം, സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു. രണ്ട് വനിതകൾ ഉള്‍പ്പെടെ പതിനേ‍ഴ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെകെ ശൈലജ, എംവി ജയരാജന്‍, സിഎന്‍ മോഹനനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളായി.

Read Also: മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ആര്‍ ബിന്ദു, വി കെ സനോജ്, വി വസീഫ് തുടങ്ങിയവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജോണ്‍ ബ്രിട്ടാസിനെ സ്ഥിരപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, കെ വരദരാജന്‍, എം കെ കണ്ണന്‍, ബേബി ജോണ്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെ ഒഴിവാക്കി. കണ്ണൂരിലേയും എറണാകുളത്തേയും ജില്ലാ സെക്രട്ടറിമാരേയും മാറ്റാന്‍ സാധ്യതയുണ്ട്. കണ്ണൂരില്‍ ടി വി രാജേഷും എറണാകുളത്ത് പി. ആര്‍ മുരളീധരനും ജില്ലാ സെക്രട്ടറിമാരായേക്കും.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ആനാവൂര്‍ നാഗപ്പന്‍ ഒഴിവായതോടെ തിരുവനന്തപുരം ജില്ലയ്ക്ക് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ലാതാകുന്നു എന്നതും ശ്രദ്ധേയമാണ്. എം ബി രാജേഷിനെ ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. പി ശ്രീരാമകൃഷ്ണനെ ആരോഗ്യപരമായ കാരണങ്ങളാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കെ എച്ച് ബാബു ജാനെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. അദ്ദേഹം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാകും.

Story Highlights : A Padmakumar deletes FB post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here