സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റിയത് ശിക്ഷ നടപടി അല്ല, താത്കാലികം മാത്രം; സൂസൻ കോടി

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ പുറത്താക്കിയതല്ല താത്കാലികമായി മാറ്റി നിർത്തുന്നുവെന്നാണ് പാർട്ടി നേതൃത്വം പറഞ്ഞിട്ടുള്ളതെന്ന് സൂസൻ കോടി. കരുനാഗപ്പള്ളിയിൽ ചില വിഷയങ്ങൾ ഉള്ളതിനാൽ അവിടെ നിന്നുള്ള ആരെയും ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തിയിരുന്നില്ല. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഇപ്പോഴും തുടരുന്ന വ്യക്തിയാണ് താൻ സംസ്ഥാന സമിതി തന്നെ അഖിലേന്ത്യ പ്രസിഡന്റും ആക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ഒരു താത്കാലികമായ നടപടി ആയി തന്നെ കണ്ടാൽ മതിയെന്ന് സൂസൻ കോടി വ്യക്തമാക്കി.
ഒരിക്കലും ഇതൊരു ശിക്ഷാനടപടിയുടെ ഭാഗമേ അല്ല, താൻ പാർട്ടി പ്രവർത്തക ആയതുകൊണ്ട് പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. കരുനാഗപ്പള്ളിയിൽ പാർട്ടി ചുമതല ഉണ്ടായിരുന്നില്ല. സ്വാഭാവികമായും താൻ കരുനാഗപ്പള്ളിയിലെ താമസക്കാരി ആയതിനാൽ തന്നെ അവിടെ എന്ത് നടന്നാലും തന്നെയും ബാധിക്കും, ആ തരത്തിലാകാം പാർട്ടിയുടെ ഈ തീരുമാനം. കരുനാഗപ്പള്ളിയിൽ താൻ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല ഒരു ശ്രദ്ധ കുറവും ഉണ്ടായിട്ടില്ല. ഇനി അടുത്ത തവണ സംസ്ഥാന കമ്മിറ്റിയിൽ വേണമോ വേണ്ടയോ എന്നുള്ള കാര്യം പാർട്ടി തീരുമാനിക്കുമെന്നും സൂസൻ കോടി കൂട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള പ്രധാന നേതാക്കന്മാരിൽ ഒരാളാണ് സൂസൻ കോടി. 10 വർഷം സംസ്ഥാന കമ്മിറ്റിയിൽ സൂസൻ കോടി അംഗമായിരുന്നു.
അതേസമയം, സിപിഐഎം സംസ്ഥാന സമ്മേളനം കൂടുതല്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിയാണ് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 89 അംഗ സംസ്ഥാന കമ്മിറ്റിയും 17 അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും കെ കെ ശൈലജയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പി. ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല. സീനിയറായ നേതാവായിട്ടും ഇത്തവണയും പരിഗണിച്ചില്ല. 72 വയസ് പിന്നിട്ട പി. ജയരാജന് ഇനി അവസരമില്ല.
ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ്, കണ്ണൂരില്‍ നിന്ന് വികെ സനോജ്, പിആര്‍ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹന്‍, വയനാട്ടില്‍ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനില്‍ കുമാര്‍, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനില്‍, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തന്നെ തുടരും.
മന്ത്രി വീണാ ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights : Susan kodi Reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here