Advertisement

എന്താണ് ശ്രീനന്ദയുടെ ജീവൻ നഷ്ടപ്പെടുത്തിയ അനോറെക്സിയ നെര്‍വോസ? അറിയാം രോഗാവസ്ഥയെക്കുറിച്ച്

March 10, 2025
Google News 2 minutes Read

വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18കാരി ശ്രീനന്ദയ്ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്ത നമ്മള്‍ കേട്ടിട്ട് അധിക ദിവസമായില്ല. മെലിയാനായി ഭക്ഷണത്തിന്റെ അളവ് കുറച്ചിരുന്ന പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങി പോയതാണ് മരണത്തിനിടയാക്കിയത്. കുട്ടി ആഹാരം കഴിക്കാതിരിക്കുകയും, വ്യായാമം ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതിന് കാരണം അനോറെക്‌സിയ നെര്‍വോസ എന്ന രോഗാവസ്ഥയാണ്.

Read Also: വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; പെൺകുട്ടിക്ക് ദാരുണാന്ത്യം

ഭക്ഷണം കഴിക്കുമ്പോള്‍ വണ്ണം വയ്ക്കുമോ, ഇപ്പോഴുള്ള മെലിഞ്ഞ രൂപത്തില്‍ നിന്ന് മാറ്റം സംഭവിക്കുമോ എന്നൊക്കെ ചിന്തിച്ച് പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്ന ബോധം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതിനാല്‍ പൂര്‍ണമായും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി അതികഠിന വ്യായാമം ചെയ്ത് ശരീരഭംഗി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ വലിയ ദുരന്തത്തെയാണ് വിളിച്ചുവരുത്തുന്നത്.

അമിതമായി ശരീര ഭാരം വര്‍ധിക്കുന്നുവെന്നും, സ്വന്തം ശരീര ഘടനയ്ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുമെന്ന തെറ്റായ തോന്നലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇത് ഒരു മാനസിക പ്രശ്‌നം കൂടിയാണ്. വണ്ണം കൂടുന്നതിനാല്‍ മറ്റുള്ളവരെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയും വണ്ണം വെയ്ക്കുന്നതിലൂടെ സ്വന്തം ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്നുവെന്ന തോന്നലുമെല്ലാം ഈ മാനസികാവസ്ഥയിലേക്ക് ഒരാളെ കൊണ്ടെത്തിക്കാം. മറ്റുള്ളവരില്‍ നിന്ന് കളിയാക്കലുകള്‍ നേരിടുന്നതും ഇങ്ങനെയൊരു അവസ്ഥയിലേക്ക് നയിക്കാം.

ഇങ്ങനെ ഉണ്ടാകുന്ന കടുത്ത സമ്മര്‍ദ്ദത്താല്‍ ഭക്ഷണത്തിന്റെ അളവില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങുന്നു. പതിവായി ഭക്ഷണം ഒഴിവാക്കുന്നു. അല്ലെങ്കില്‍, ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നു. കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുന്നത് ഇത്തരം പ്രശ്‌നമുള്ളവരില്‍ കുറ്റബോധം ഉണ്ടാക്കും. പിന്നീട് വണ്ണം കുറയുമെന്ന ചിന്ത ഇവരുടെ ഉള്ളില്‍ നിന്ന് വിട്ടുമാറാതെയാകുന്നു. അങ്ങനെ നിശ്ചിത കാലത്തേക്ക് തുടങ്ങിയ ഈ ഡയറ്റ് ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഇതിനാല്‍ ശരീരഭാരം അവരുടെ പ്രായത്തിലും ഉയരത്തിലും ഉള്ള ഒരാള്‍ക്ക് ഉണ്ടാകേണ്ട സാധാരണ ഭാരത്തേക്കാള്‍ കുറയുന്നു.

കാഴ്ചയില്‍ ഇവര്‍ക്ക് ഭാരക്കുറവ് പ്രകടമാകുമെങ്കിലും തങ്ങള്‍ക്കിപ്പോഴും അമിതഭാരമാണെന്നായിരിക്കും അവര്‍ വിശ്വസിക്കുന്നത്. ഇത് ഇത്തരം പ്രശ്‌നമുള്ളവര്‍ സ്വയം തെരഞ്ഞെടുക്കുന്ന ഒരു ജീവിതശൈലിയല്ല പകരം വൈകാരികമായ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള സാധിക്കാത്തതും, സ്വന്തം രൂപത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളാലും ഇവരില്‍ പതിയെ ഉണ്ടായി വരുന്നതാണ്. ശരീഭാരത്തെക്കുറിച്ച് ഇവര്‍ക്ക് എപ്പോഴും ഭയം ഉണ്ടായിരിക്കും. ഇത് വളരെ ഗൗരവമേറിയ ഒരു രോഗമാണ്. ശരിയായ ചികിത്സ ലഭിച്ചാല്‍ ഇതില്‍ നിന്ന് തിരിച്ചു വരാനാകും. അതിനുപകരം സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിഡിയോകളിലും തെറ്റായ വിവരങ്ങളിലും വിശ്വസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അനോറെക്‌സിയയുടെ ലക്ഷണങ്ങള്‍ ;

ഈ രോഗാവസ്ഥയുള്ളവര്‍ പലപ്പോഴും സ്വന്തം പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാന്‍ ശ്രമിക്കും. എന്നാലും ഒരു വ്യക്തിക്ക് അനോറെക്‌സിയ ഉണ്ടെങ്കില്‍ അയാളില്‍ ശരീരത്തിലും, പെരുമാറ്റത്തിലും ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. ഇവരുടെ ശരീരം നന്നായി മെലിഞ്ഞിരിക്കുകയും കടുത്ത ക്ഷീണവും തലകറക്കവും അനുഭവപ്പെടുകയും ചെയ്യും. മുടി കൊഴിച്ചില്‍, ചര്‍മ്മത്തിലെ വരള്‍ച്ച, ആര്‍ത്തവ സമയത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ലക്ഷണങ്ങളാണ്. കുടുംബത്തിനോപ്പമോ, സുഹൃത്തക്കളോടോ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും, എപ്പോഴും കണ്ണാടിയില്‍ നോക്കി സ്വന്തം ശരീരത്തെ നിരീക്ഷിക്കുന്നതും, വ്യായാമം ചെയ്യുന്നതും എല്ലാം ഈ രോഗത്തിന്റെ സൂചനയാണ്.

നമ്മുടെ ശരീരമാണ് അത് നമുക്ക് തന്നെ മാറ്റിയെടുക്കാം എന്ന ചിന്തിക്കുന്നത് തെറ്റാണ്. എപ്പോഴും വിദഗ്ധരുടെ സഹായം തേടുന്നതാണ് നല്ലത്. അത് ഭക്ഷണം നിയന്ത്രിക്കുന്നതിന്റെ കാര്യത്തിലായാലും, അനോറെക്‌സിയക്കുള്ള ചികിത്സാ കാര്യത്തില്‍ ആയാലും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുക. കൂട്ടുകാരില്‍ നിന്നും കുടുംബക്കാരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കരുത്. ആളുകളോടൊത്ത് സമയം ചെലവഴിക്കുന്നത് ആത്മവിശ്വാസം കൂട്ടുന്നതിനും മാനസികോല്ലാസം നല്‍കുന്നതിനും സഹായിക്കും. അനോറെക്‌സിയയെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും. ഇതിനെ പറ്റി കൂടുതല്‍ അറിയുമ്പോള്‍ ശരീരഭാരം കൂടുന്നു എന്നത് നമ്മുടെ വെറും തോന്നല്‍ മാത്രമാണെന്നും അത് ഒരു കുറവല്ലെന്നും മനസിലാക്കാന്‍ കഴിയും. ചികിത്സ സമയത്ത് പലപ്പോഴും ഭാരം നോക്കാന്‍ തോന്നും. എന്നാല്‍ അത് കഴിവതും ഒഴിവാക്കണം. പൂര്‍ണമായും ഡോക്ടറുമായി സഹകരിച്ച് മുന്നോട്ട് പോകുന്നത് രോഗത്തില്‍ നിന്ന് അതിവേഗം മുക്തി നേടാന്‍ സഹായിക്കും.

Story Highlights :Anorexia is an eating disorder that causes a severe and strong fear of gaining weight.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here