ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജ്; ‘വിലായത്ത് ബുദ്ധയുടെ’ ചിത്രീകരണം പൂര്‍ത്തിയായി

ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളുകളിലായി നൂറ്റിയിരുപതോളം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനാണ് പാക്കപ്പ് ആയത്.
ചിത്രീകരണത്തിനിടെ അപകടത്തിൽ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റിരുന്നു. ഇത് വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തെ ബാധിക്കുകയും ഇടക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു. ചിത്രീകരണം നീണ്ടുപോകാന്‍ ഇത് കാരണമായതായി നിര്‍മാതാവ് സന്ദീപ് സേനന്‍ പറഞ്ഞു. പൃഥ്വിരാജ് ശാരീരിക ക്ഷമത വീണ്ടെടുത്തതോടെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.
എമ്പുരാൻ്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാൻ പൃഥ്വിരാജ് മറയൂരില്‍ എത്തിയത്. മറയൂര്‍, ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
Read Also:ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ചിത്രം’കാടകം’14 ന് തീയറ്ററുകളിൽ
രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേരുന്ന അന്തരീക്ഷത്തിലൂടെയാണ് വിലായത്ത് ബുദ്ധയുടെ കഥ വികസിക്കുന്നത്. മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌കരന്‍ മാഷും ഡബിള്‍ മോഹനനും തമ്മിലുണ്ടാകുന്ന പ്രശ്നമാണ് പ്രമേയം. ഷമ്മി തിലകനാണ് ഭാസ്‌ക്കരന്‍ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുറുക്കിച്ചുവന്ന പല്ലുകളും, തീഷ്ണമായ ഭാവവും, അലസമായ വേഷവിധാനം – മുണ്ടും ഷര്‍ട്ടുമൊക്കെയായിട്ടാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇതിനോടകം ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിക്കഴിഞ്ഞു.
അനുമോഹന്‍, തമിഴ് നടന്‍ ടി.ജെ. അരുണാചലം,രാജശീ നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക.എഴുത്തുകാരന്‍ ജി. ആര്‍. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ജി.ആര്‍.ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ജേക്ക് ബിജോയിയുടേതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും, ശ്രീജിത്ത് ശ്രീരംഗ്, രണദേവ് എന്നിവർ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്കുപ്രവേശിച്ചിരിക്കുന്ന വിലായത്ത് ബുദ്ധ ഉര്‍വ്വശി പിക്‌ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കും.
Story Highlights : Prithviraj’s movie ‘Vilayathu Buddha’ ‘s shooting has been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here