ജൂതവിരുദ്ധ രാഷ്ട്രീയത്തിന്റെ യൂറോപ്പിലെ വളർച്ച; ഇസ്രയേലിന്റെ അഴകുഴമ്പൻ നിലപാടിന് പിന്നിലെന്ത്?

റൊമേനിയയിലെ ഒരു ചെറിയ സർക്കാർ കെട്ടിടം, അതിന് മുന്നിൽ ഒരു ജനക്കൂട്ടം. കെട്ടിടത്തിനു മുകളിൽ നിന്ന് അവരെ നോക്കി കാലിൻ ജോർജെസ്കു കൈപ്പത്തി വിടർത്തി അവർക്ക് നേരെ നീട്ടി, അതാണ് അയൺ ഗാർഡ് സല്യൂട്ട്. ഹിറ്റ്ലറുടെ നാസിപ്പടയുടെ സല്യൂട്ടിന്റെ റൊമാനിയൻ വകഭേദം. രാജ്യത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി മത്സരിക്കുന്ന ജോർജെസ്കു, തന്റെ രാഷ്ട്രീയ നിലപാടാണ് ഇതിലൂടെ പ്രഖ്യാപിച്ചത്.
റൊമേനിയയിൽ ജൂതവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്ന തീവ്ര വലതുപക്ഷവാദിയാണ് ഇദ്ദേഹം. ഫാസിസ്റ്റ് നിലപാട്, വംശീയത, യുദ്ധ കുറ്റവാളികളോട് ആരാധന, ഭരണഘടനാ വിരുദ്ധ നീക്കങ്ങൾക്ക് ഏറെ പഴികേട്ട നേതാവ് കൂടെയാണ് ഇയാൾ. യൂറോപ്പിൽ ഫ്രാൻസിലും ജർമ്മനിയിലും സ്വീഡനിലും ഓസ്ട്രിയയിലും അടക്കം ഉയർന്നുവരുന്ന തീവ്ര വലതു രാഷ്ട്രീയ വാദത്തിന്റെ റൊമേനിയയിലെ പ്രതിനിധിയായി കൂടെയാണ് ജോർജെസ്‌കുവിനെ വിലയിരുത്തുന്നത്. ഈ നേതാവുമായി ജൂതരാഷ്ട്രമായ ഇസ്രയേലിനും അതിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എന്താണ് ബന്ധം എന്നാണ് ലോക രാഷ്ട്രീയത്തിൽ ഇപ്പോൾ ഉയരുന്ന ചോദ്യം. അതിന് കാരണമായതാകട്ടെ ഇസ്രയേൽ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖയായ കോളറ്റ് അവിറ്റൽ ഉന്നയിച്ച രൂക്ഷ വിമർശനവും.
കഴിഞ്ഞവർഷം നവംബറിലാണ് ഇസ്രയേലിലെ മന്ത്രി അമിചൈ ചിക്ലിയും ജോർജെസ്കുവും തമ്മിൽ സംസാരിച്ചത്. റൊമാനിയൻ നേതാവിന്റെ രാഷ്ട്രീയ നിലപാട് ഈ ചർച്ച വലിയ വിവാദമാകാൻ കാരണമായി. തൊട്ടു പിന്നാലെ ഇതിന് ഇസ്രയേൽ സർക്കാരുമായി ബന്ധമില്ലെന്നും വ്യക്തിപരമായ ഫോൺ സംഭാഷണം ആണെന്നും നെതന്യാഹു സർക്കാർ വിശദീകരിച്ചു. എന്നാൽ യൂറോപ്പിൽ ആകെ വളർന്നുവരുന്ന ജൂതവിരുദ്ധ രാഷ്ട്രീയ നയമുയർത്തിപ്പിടിക്കുന്ന തീവ്ര നിലപാടുകാരുമായി നെതന്യാഹു ഭരണകൂടം പുലർത്തുന്ന സൗഹൃദത്തെ വിമർശിക്കുകയാണ് അവിറ്റൽ.
2003ലെ ഇന്റർനാഷണൽ കമ്മീഷൻ ഓൺ ദി സ്റ്റഡി ഓഫ് ദി ഹോളോകോസ്റ്റ് ഇൻ റൊമേനിയയുടെ, അന്തിമ റിപ്പോർട്ട് പ്രകാരം രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്ത് 2,80,000 ജൂതരെ വധിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് റൊമാനിയയിലെ എല്ലാ പ്രസിഡന്റുമാരും സർക്കാരുകളും അംഗീകരിച്ചിട്ടുള്ളതാണെന്ന് പറയുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ച അന്താരാഷ്ട്ര കമ്മീഷനിൽ അവിറ്റലും അംഗമായിരുന്നു. ഇന്ന് റൊമേനിയയിൽ ജൂതരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ജൂത കൂട്ടക്കൊല നടന്നിട്ടുണ്ട് എന്ന് മൂന്നിൽ രണ്ട് ജനങ്ങളും വിശ്വസിക്കുന്നുണ്ട്. ഇവരൊക്കെയും പ്രത്യക്ഷത്തിൽ ജൂതവിരുദ്ധർ അല്ലെന്ന് തോന്നുമെങ്കിലും, ജൂതരുടെ കയ്യിലാണ് ബിസിനസ് ലോകത്തിന്റെ നിയന്ത്രണം എന്ന് വിശ്വസിക്കുന്നവരാണ് രാജ്യത്ത് ജീവിക്കുന്ന പാതിയിലേറെ പേരും എന്നാണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആന്റി ഡിഫമേഷൻ ലീഗ് എന്ന ഇസ്രയേൽ അനുകൂല നിലപാടുള്ള അന്താരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പറയുന്നത്. റൊമേനിയയിലെ ജനങ്ങളിൽ മൂന്നിൽ രണ്ട് പേർ ഇസ്രയേലുമായി സൗഹൃദം വേണമെന്നും, 90% ജനങ്ങൾ ഇസ്രയേൽ ടൂറിസ്റ്റുകൾ രാജ്യത്തേക്ക് എത്തണമെന്നും ആഗ്രഹിക്കുന്നുണ്ട്. സാഹചര്യം ഇതൊക്കെയാണെങ്കിലും ഇസ്രയേൽ ഭരണകൂടം റൊമാനിയയിലെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ നിസ്സാരവൽക്കരിക്കുകയും , രണ്ടാം ലോകമഹായുദ്ധകാലത്തെ കൂട്ടക്കൊലയുടെ ഇരകളെ മറക്കുകയും ചെയ്യുന്നു എന്നാണ് അവിറ്റൽ വിമർശിക്കുന്നത്.
ജോർജെസ്കു മാത്രമല്ല റൊമേനിയയിൽ ജൂതവിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്. തീവ്ര വലതു വാദിയും എസ്ഒഎസ് പാർട്ടിയുടെ സ്ഥാപക നേതാവുമായ ഡയാന സൊസേക്ക റൊമാനിയയിലെ ജൂതർ തങ്ങളുടെ രാജ്യത്തേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിരുന്നു. ജോർജെസ്കുവാകട്ടെ, രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതരെ കൂട്ടക്കൊലയ്ക്ക് വിധേയരാക്കിയവരെ വീരന്മാർ എന്നും, അക്കാലത്തെ അയൺ ഗാർഡ് റോമേനിയക്ക് എക്കാലവും മാതൃകയാണെന്നും പ്രസംഗിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾ പ്രതിരോധിക്കാൻ ഇസ്രയേൽ ശ്രമിച്ചിരുന്നെങ്കിലും ഒന്നും കാര്യമായ മാറ്റം ഉണ്ടാക്കിയിരുന്നില്ല. 2023ൽ ചില കൂടിക്കാഴ്ചകൾ നടന്നെങ്കിലും നേതാക്കൾ ജൂതവിരുദ്ധ പരാമർശങ്ങൾ തുടർന്നു.
ലോകത്ത് ഒറ്റപ്പെടും എന്ന ഭീതിയിലാണ് ഇസ്രയേൽ ഭരണകൂടം യൂറോപ്പിൽ ശക്തമാകുന്ന തീവ്രവലത് ഫാസിസ്റ്റ് രാഷ്ട്രീയപാർട്ടികളോട് സമവായത്തിന് ശ്രമിക്കുന്നത് എന്ന് അവിറ്റൽ വിമർശിക്കുന്നു. എന്നാൽ ഈ തീവ്ര നിലപാടുകാർ ജൂതരെ വെറുക്കുകയും ഇസ്രയേലിനെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. ഈ നയങ്ങൾ ഇസ്രായേലിന്റെ ധാർമിക തത്വങ്ങൾക്കും ജൂത മൂല്യങ്ങൾക്കും വിരുദ്ധമാണ്. 80 വർഷങ്ങൾക്കു മുൻപ് നടന്ന കൂട്ടക്കൊലയിലൂടെ ലോകത്തെ പാതിയോളം വരുന്ന ജൂതരെ തുടച്ചു നീക്കി. മുറിപ്പെടുത്തുന്ന ഓർമ്മകളുടെ ഈ ഭൂതകാലത്തെ മനപ്പൂർവം തമസ്ക്കരിച്ച് യഹൂദ വിരുദ്ധരുമായി ഒരു ജൂത രാഷ്ട്രത്തിന് എങ്ങനെയാണ് സന്ധി ചെയ്യാനാവുകയെന്നും അവിറ്റൽ ചോദിക്കുന്നു. സ്വന്തം നാട്ടിലെ ജനങ്ങളോട് എന്നപോലെ ലോകമാകെയുള്ള ജൂതരോടും ഇസ്രയേൽ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. മുൻ നാസി അംഗമായ വ്യക്തി പ്രസിഡന്റ് ആയതിനു പിന്നാലെ ഓസ്ട്രിയയിൽ നിന്ന് ഇസ്രയേൽ തങ്ങളുടെ അംബാസഡർ പിൻവലിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും, അന്താരാഷ്ട്രതലത്തിൽ ജൂതരുടെയും ഇസ്രയേലിന്റെയും സ്വാഭിമാനം ഉയർത്തിപ്പിടിക്കാൻ നെതന്യാഹു ഭരണകൂടം തയ്യാറാകണമെന്നും അവിറ്റൽ ആവശ്യപ്പെടുന്നുണ്ട്.
Story Highlights: Why is Nethanyahu’s Israel cozying upto Europe’s antisemitic far right.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here