വയോധികയെ ദമ്പതികള്‍ ചേര്‍ന്ന് മര്‍ദിച്ചു; 60കാരിയുടെ കര്‍ണ്ണപുടത്തിന് പരുക്ക്

ഒറ്റപ്പാലം കോതകുര്‍ശിയില്‍ വയോധികയെ ദമ്പതികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ 60 വയസുകാരിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും, വടികൊണ്ടും കൈകൊണ്ടും അടിച്ചു പരുക്കേല്‍പ്പിച്ചുവെന്നുമാണ് കോതകുര്‍ശി സ്വദേശിനി ഉഷാകുമാരി ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 3.30നാണ് സംഭവം നടക്കുന്നത്. ജോലി ചെയ്തിരുന്ന ചായക്കടയുടെ ഉടമ സൈനബ ഉഷാകുമാരിയെ കടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കടയ്ക്കു മുന്നില്‍ വച്ചാണ് സൈനബയും ഭര്‍ത്താവ് അഹമ്മദ് കബീറും ചേര്‍ന്ന് ഉഷയെ മര്‍ദിക്കുന്നത്. സൈനബയെ കുറിച്ച് അപവാദ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചാണ് 60കാരിയെ മൃഗീയമായി മര്‍ദിച്ചത്. വടി ഉപയോഗിച്ച് തോളിലേക്കും മുഖത്തേക്കും, മുതുകിലേക്കും അടിച്ചതായും കൈ ഉപയോഗിച്ച് ഇടതു ചെവിയിലേക്ക് അടിച്ചതായും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
മര്‍ദനത്തില്‍ ഇടതു ചെവിക്ക് പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട് . ആദ്യം ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളുടെ ഭാഗത്തുനിന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും ഉഷാദേവി പറയുന്നു.
Story Highlights : Elderly woman beaten by couple in Ottappalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here