‘കെപിസിസി പരിപാടിയില്‍ പങ്കെടുത്തത് മഹാപരാധമല്ല’ ; ജി സുധാകരനെ പിന്തുണച്ച് എച്ച് സലാം എംഎല്‍എ

സൈബര്‍ ആക്രമണം നേരിടുന്ന സിപിഐഎം നേതാവ് ജി സുധാകരനെ പിന്തുണച്ച് എച്ച് സലാം എംഎല്‍എ. കെപിസിസി പരിപാടിയില്‍ പങ്കെടുത്തത് മഹാപരാധമല്ലെന്നും സിപിഐഎമ്മിന് സൈബര്‍ ഇടങ്ങളില്‍ പെരുമാറ്റ ചട്ടമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് വിരുദ്ധമായി ആരും പ്രവര്‍ത്തിക്കരുതെന്നും ജി സുധാകരന്‍ ആശയ അടിത്തറയുള്ള ആളാണെന്നും എച്ച് സലാം പറഞ്ഞു.
കെപിസിസിയുടെ പരിപാടിയില്‍ ജി സുധാകരന്‍ പങ്കെടുത്തു എന്നത് മഹാപരാധമൊന്നുമല്ല. ഈ പരിപാടിയില്‍ പങ്കെടുത്തുന്നു എന്നതുകൊണ്ട് അദ്ദേഹം കമ്യൂണിസ്റ്റുകാരനല്ലാതാകില്ല. ആരെങ്കിലും സ്വാധീനിച്ചോ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തോ രാഷ്ട്രീയമായി വ്യത്യാസമുണ്ടാക്കാന്‍ കഴിയുന്ന ആളല്ല അദ്ദേഹം. അത്രയും ആശയ അടിത്തറയുള്ളയാളാണ്. അദ്ദേഹത്തെ ഇങ്ങനെ സാമൂഹ്യമാധ്യമം വഴി ആക്രമിക്കേണ്ട കാര്യമില്ല. അതാര് ചെയ്താലും വളരെ തെറ്റായ കാര്യമാണ് – അദ്ദേഹം പറഞ്ഞു.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ
കെപിസിസി വേദിയില്‍ എത്തിയതിന് പിന്നാലെയാണ് പോരാളി ഷാജി അടക്കമുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ ജി സുധാകരനെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സഹോദരന്‍ ജി ഭുവനേശ്വരന്റെ ചുടുരക്തം സുധാകരന്‍ മറന്നുവെന്നും, അദ്ദേഹത്തിലെ കമ്മ്യുണിസ്റ്റ് സഖാക്കളുടെ മനസില്‍ അകാല ചരമം പ്രാപിക്കുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. എംഎല്‍എയും മന്ത്രിയും ആക്കിയത് പാര്‍ട്ടിയാണ്. ഇപ്പോള്‍ പാര്‍ട്ടി വിരുദ്ധ സംഘത്തിനൊപ്പം കൂടി നല്ല പിള്ള ചമയുന്നു. സുധാകരനോട് പരമപുച്ഛം – എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. ഒരേ ചിത്രവും കണ്ടന്റും ഉള്ള പോസ്റ്റുകള്‍ തന്നെയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സംസ്ഥാന സമ്മേളനത്തിന് ശേഷം പ്രായപരിധി മാനദണ്ഡം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സിപിഐഎം നേതൃത്വത്തെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ജി സുധാകരന്‍ കെപിസിസി പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ തനിക്ക് പിന്നിലുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ആലപ്പുഴയിലെ പാര്‍ട്ടിക്കുള്ളിലെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആണെന്ന് ജി സുധാകരന്‍ നേരത്തെ തന്നെ തുറന്നടിച്ചിരുന്നു.
Story Highlights : H Salam MLA supports G Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here