Advertisement

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്

March 16, 2025
Google News 1 minute Read
MI vs DC

വനിതാ പ്രീമിയര്‍ ലീഗ് ആവേശമുറ്റിനിന്ന കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി തുടക്കത്തില്‍ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയുടെ കന്നിക്കിരീടമോഹങ്ങളെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി കലാശപ്പോരില്‍ എത്തി കിരീടം തൊടാന്‍ കഴിയാതെ മടങ്ങുന്നത്. 14 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ മുംബൈ ഇന്ത്യന്‍സിനെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തിരിച്ചുകൊണ്ടുവന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കളിയിലെ താരമായി.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഡല്‍ഹിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കം. ഡല്‍ഹിയുടെ ഓപ്പണിങ് ബൗളര്‍മാരായ മരിസണ്‍ കാപ്പും ശിഖ പാണ്ഡെയും ബോളിങ്ങില്‍ കണിശത കാണിച്ചതോടെ മുംബൈ സ്‌കോറിങില്‍ വിയര്‍ത്തു. നാല് ഓവറിന് ശേഷമാണ് മത്സരത്തിലെ ആദ്യ ബൗണ്ടറി കണ്ടത്. പത്ത് ബോള്‍ നേരിട്ട് മൂന്ന് റണ്‍സ് മാത്രം എടുത്ത് ഓപ്പണര്‍മാരായ ഹെയ്ലി മാത്യൂസ്, യാസ്തിക ഭാട്യ എന്നിവര്‍ മടങ്ങിയത് മുംബൈ നിരയെ അങ്കലാപ്പിലാക്കി. എന്നാല്‍ മുംബൈയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കരകയറ്റുന്നതായിരുന്നു പിന്നീട് കണ്ടത്. നാലാംവിക്കറ്റില്‍ മുപ്പത് റണ്‍സുമായി നാറ്റ്സിവര്‍ ബ്രന്റിനൊപ്പം ചേര്‍ന്ന് 103 റണ്‍സ് മുതല്‍ക്കൂട്ടാന്‍ ഇരുവര്‍ക്കുമായി. 33 പന്തില്‍ തന്നെ അര്‍ധസെഞ്ച്വറിയിലെത്തിയെങ്കിലും അന്നബെല്‍ സതര്‍ലന്‍ഡ് എറിഞ്ഞ 18-ാം ഓവറിലെ ആദ്യപന്തില്‍ മരിസാന്‍ കാപ്പിന് ക്യാച്ച് നല്‍കി ഹര്‍മ്മന്‍ പ്രീത് മടങ്ങി. ഒമ്പതു ഫോറും രണ്ടു സിക്‌സുമടക്കമായിരുന്നു സ്‌കോര്‍ മികച്ച നിലയിലാക്കാനുള്ള ഹര്‍മ്മന്‍ പ്രീതിന്റെ പ്രകടനം. ഇതിനിടെ, നാറ്റ്സിവര്‍ വനിത പ്രീമിയര്‍ ലീഗില്‍ ആയിരം റണ്‍സ് തികച്ച ആദ്യതാരമായി. മലയാളിയായ സജ്‌ന സജീവന്‍ നേരിട്ട രണ്ടാംപന്തില്‍ തന്നെ റണ്‍സ് ഒന്നുമില്ലാതെ എല്‍ബി ആയി മടങ്ങി. ഡല്‍ഹിയുടെ ബൗളര്‍ മലയാളി താരം മിന്നുമണി ഒരു ഓവറില്‍ 10 റണ്‍സ് വഴങ്ങി. നാറ്റ്സിവറുടെ ക്യാച്ചെടുത്തത് മിന്നുമണിയായിരുന്നു.

വിജയത്തിന് തൊട്ടടുത്ത് എത്തിയതിന് ശേഷമായിരുന്നു ഡല്‍ഹിയുടെ കീഴടിങ്ങല്‍. രണ്ട് ബൗണ്ടറിയടക്കം ഒമ്പത് ബോളില്‍ നിന്ന് 13 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനെ രണ്ടാംഓവറിലെ അവസാന പന്തില്‍ നാറ്റ്‌സിവര്‍ ക്ലീന്‍ബൗള്‍ഡാക്കി. അടുത്ത ഓവറില്‍ ഒമ്പത് പന്ത് നേരിട്ട് ഷെഫാലി വര്‍മ നാല് റണ്‍സുമായി മടങ്ങി. എല്‍ബിയിലൂടെ ഷബ്‌നം ഇസ്മായില്‍ ആണ് ഷെഫാലിയെ മടക്കിയത്. പ്രധാന രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ഡല്‍ഹി പതറി തുടങ്ങി. 15 ബോളില്‍ നിന്ന് 13 റണ്‍സുമായി മൂന്നാമതെത്തിയ ജെസ് ജൊനാസന്‍ അമേലിയ കെറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ക്രീസ് വിട്ടു. 21 ബോള്‍ നേരിട്ട് 30 റണ്‍സ് കണ്ടെത്തിയ ജെമീമ റോഡ്രിഗസിന്റെ പ്രകടനവും നീണ്ടുനിന്നില്ല. അമേലിയ കേര്‍ തന്നെയായിരുന്നു ജെമീമയുടെ വിക്കറ്റ് എടുത്തത്. തുടര്‍ന്ന് എത്തിയ അന്നബെല്‍ സതര്‍ലന്‍ഡും രണ്ട് റണ്‍സിന് പുറത്തായി. ആറാമതായെത്തിയ മരിസാനെ കാപ്പ് 26 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഡല്‍ഹിക്ക് പ്രതീക്ഷയേകി. എട്ടാമതായി ഇറങ്ങിയ നിക്കി പ്രസാദിനെ കൂട്ടുപിടിച്ചായിരുന്നു കാപ്പ് ടീമിനെ തിരികെകൊണ്ടുവരാന്‍ ശ്രമിച്ചത്. അവസാന മൂന്ന് ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 29 റണ്‍സ് മതിയായിരുന്നുവെങ്കിലും 18-ാം ഓവറിലെ നാലാംപന്തില്‍ കാപ്പിനെയും അഞ്ചാംപന്തില്‍ പൂജ്യം റണ്‍സിന് ശിഖാ പാണ്ഡെയെയും പുറത്താക്കിയ നാറ്റ്സിവര്‍ ഡല്‍ഹിയുടെ കിരീട പ്രതീക്ഷകള്‍ അപ്പാടെ തകര്‍ത്തു. പാണ്ഡെയ്ക്ക് പകരമെത്തിയ മിന്നുമണി ആദ്യപന്തില്‍ ബൗണ്ടറി കണ്ടെത്തി. അവസാന രണ്ട് ഓവറില്‍ വേണ്ടത് 23 റണ്‍സ്. എന്നാല്‍ 19-ാം ഓവറിലെ രണ്ടാംപന്തില്‍ മിന്നുമണിയെ മലയാളിയും ഒപ്പം കളിച്ചിരുന്ന താരവുമായിരുന്ന സജ്‌ന ക്യാച്ചെടുത്ത് പുറത്താക്കി. അവസാന ബാറ്ററായ ശ്രീചരണിയെ കൂട്ടുപിടിച്ച് നിക്കി പ്രസാദ് പോരാട്ടം തുടര്‍ന്നു. ആ ഓവറില്‍ ഒരു സിക്‌സ് പിറന്നു. നാറ്റ്സിവര്‍ എറിഞ്ഞ അവസാന ഓവറില്‍ വേണ്ടത് 14 റണ്‍സ്. എന്നാല്‍ അഞ്ച് റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 23 പന്തില്‍ നിന്ന് 25 റണ്‍സ് കണ്ടെത്തി നിക്കിയും നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സുമായി ശ്രീചരണിയും പുറത്താകാതെ നിന്നു. മുംബൈക്കുവേണ്ടി നാറ്റ്സിവര്‍ മൂന്നും അമേലിയ കെര്‍ രണ്ടുവിക്കറ്റും നേടിയപ്പോള്‍ ഷബ്‌നം ഇസ്മയില്‍, ഹെയ്‌ലി മാത്യൂസ്, ഷെയ്ഖ ഇഷാഖ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഡല്‍ഹിക്കായി മാരിസണ്‍ കാപ്പ്, ജൊനാസന്‍, ചരണി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അന്നാബെല്‍ സൂതര്‍ലാന്‍ഡ് മറ്റൊരു വിക്കറ്റും എടുത്തു.

Story Highlights: Mumbai Indians wins in WPL 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here