Advertisement

മൂന്ന് റണ്‍സിനുള്ളില്‍ മൂന്ന് വിക്കറ്റ്; ന്യൂസിലാന്‍ഡുമായുള്ള ടി20-യില്‍ പാകിസ്താന്റെ ദയനീയ പ്രകടനം, 91-ല്‍ ഓള്‍ ഔട്ട്

March 16, 2025
Google News 1 minute Read
Pakistan Cricket Team

ആദ്യ ഓവറിന്റെ അവസാന പന്തില്‍ ആദ്യ വിക്കറ്റ്. രണ്ടാം ഓവറില്‍ രണ്ടാം പന്തില്‍ രണ്ടാം വിക്കറ്റ്. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ മൂന്നാം വിക്കറ്റ്. സ്വന്തം രാജ്യത്ത് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ താരങ്ങളും മാനേജ്‌മെന്റും ആരാധകരുടെയും മാധ്യമങ്ങളുടെയും വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെ ന്യൂസിലാന്‍ഡുമായുള്ള ട്വന്റി ട്വന്റിയില്‍ വീണ്ടും പാക് താരങ്ങളുടെ ദയനീയ പ്രകടനം. മത്സരം തുടങ്ങിയതും തുടര്‍ച്ചയായി വിക്കറ്റ് വീഴുകയായിരുന്നു. ജാമിയേഴ്‌സണ്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍മാരിലൊരാളായ മുഹമ്മദ് ഹാരിസിനെ മിച്ചല്‍ ഹയ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പൂജ്യം റണ്‍സായിരുന്നു ഈ സമയം പാകിസ്താന്റെ സമ്പാദ്യം. രണ്ടാം ഓവറില്‍ ജേക്കബ് ഡഫി എറിഞ്ഞ പന്തില്‍ ഇത്തവണ ക്യാച്ചെടുത്ത് ഹസ്സന്‍ നവാസിനെ പുറത്താക്കിയത് ജാമിയേഴ്‌സണായിരുന്നു. ഈ സമയവും പാക് സ്‌കോര്‍ പൂജ്യമായിരുന്നു. രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു പാക് താരങ്ങള്‍ എടുത്തത്. ഇര്‍ഫാന്‍ ഖാന്‍ ആണ് ഡഫിയുടെ ഓവറിന്റെ അവസാന പന്തില്‍ ഒരു റണ്‍സ് എടുത്തത്. മൂന്നാം ഓവറിലെ വിക്കറ്റും ജാമിയേഴ്‌സന്റെ വകയായിരുന്നു. മിച്ചല്‍ ഹയ്ക്ക് തന്നെയായിരുന്നു ക്യാച്ച്. മൂന്ന് ഓവര്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സായിരുന്നു പാകിസ്താനുണ്ടായിരുന്നത്. ഒന്നൊന്നായി ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വീണുകൊണ്ടിരിക്കെ സല്‍മാന്‍ ആഗയും ശദബ്ഖാനുമായിരുന്നു പിന്നീട് ക്രീസില്‍ ഉറച്ചത്. എന്നാല്‍ നാലാം ഓവറിന്റെ നാലാം പന്തില്‍ പരിചയ സമ്പന്നനായ പാക് ഓള്‍റൗണ്ടര്‍ ശദബ്ഖാനും പുറത്താകുന്ന കാഴ്ച്ച. ജാമിയേഴ്‌സണ്‍ എറിഞ്ഞ പന്തില്‍ ടിം റോബിന്‍സണ്‍ ക്യാച്ച് എടുക്കുകയായിരുന്നു. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ 11 റണ്‍സിന് 4 വിക്കറ്റ് എന്നതായിരുന്നു പാക് സ്‌കോര്‍. സല്‍മാന്‍ ആഗയും കുശ്ദില്‍ ഷായും ചേര്‍ന്നുള്ള കൂട്ടുക്കെട്ടാണ് പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ സ്‌കോര്‍ അമ്പതിനോട് അടുപ്പിച്ചത്. 18.4 ഓവറില്‍ എല്ലാവരും പുറത്താകുമ്പോള്‍ നൂറ് പോലും തികക്കാന്‍ കഴിയാതെ വെറും 91 റണ്‍സ് മാത്രമായിരുന്നു പാകിസ്താന്‍ എടുത്തത്. മൂന്ന് സിക്‌സ് അടക്കം 30 ബോളില്‍ നിന്ന് 32 റണ്‍സ് എടുത്ത കുശ്ദില്‍ ഷായും രണ്ട് ബൗണ്ടറിയടക്കം 20 ബോളില്‍ നിന്ന് പതിനെട്ട് റണ്‍സുമായി സല്‍മാന്‍ ആഗയും ഒരു സിക്‌സ് അടക്കം പതിനേഴ് ബോളില്‍ നിന്ന് പതിനേഴ് റണ്‍സ് എടുത്ത ജഹന്‍ദാദ് ഖാന്‍ എന്നിവരാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഏതായാലും പാക് ക്രിക്കറ്റിന്റെ മോശം കാലത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ടീമിന്റെ പ്രകടനം.

Story Highlights: Pakistan vs New Zealand T20 match 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here