SKN40 കേരള യാത്രക്ക് ഇന്ന് തുടക്കം ; ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം

മാധ്യമരംഗത്ത് നാൽപ്പത് വർഷം പിന്നിടുന്ന ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുടെ കേരള യാത്രക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കവടിയാറിൽ നിന്ന് വമ്പിച്ച റാലിയോടെയാണ് പര്യടനത്തിന് തുടക്കം കുറിക്കുക. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ ആണ് ഉദ്ഘാടനം. അരുത് അക്രമം, ലഹരി എന്ന സന്ദേശമുയർത്തിയാണ് കേരള യാത്ര സംഘടിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 14 ജില്ലകളിലും പര്യടനം നടത്തും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമടക്കം നിരവധി പേർ പങ്കെടുക്കും. ഗായിക സിത്താര കൃഷ്ണകുമാറിന്റെ ബാൻഡായ പ്രൊജക്ട് മലബാറിക്കസ് ഉദ്ഘാടന രാവിന് മിഴിവേകും.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്നതാണ് SKN40 കേരള യാത്രയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ സിന്തറ്റിക് ലഹരി പദാർഥങ്ങൾ ഉൾപ്പെടെ വ്യാപകമാവുകയും അക്രമങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പ്രതിരോധം തീർക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനുള്ള ജനകീയ സംവാദ വേദി തുറക്കുകയാണ് ട്വന്റിഫോർ.
വിവിധ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിച്ച് സമൂഹത്തെ ഗ്രസിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ ജനകീയ മുന്നേറ്റം സാധ്യമാക്കാനുള്ള ഉദ്യമമാണ് എസ്കെഎൻ40 റോഡ് ഷോ. യുവാക്കളെ കുടുക്കുന്ന അദൃശ്യമായ ലഹരി വലയുടെ കണ്ണികള്‍ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ റോഡ് ഷോയുടെ ഭാഗമായി നടക്കും. ലഹരിയില്‍ നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ മാതാപിതാക്കളെ അണിനിരത്തി കര്‍മപരിപാടികള്‍ ആലോചിക്കും. ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കുചേരാം. ആർ ശ്രീകണ്ഠൻ നായരുമായി ആശയങ്ങൾ പങ്കുവെക്കാം.
Story Highlights : SKN @40 campaign starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here