ബ്രോ ഡാഡി ആദ്യം ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടി ; പൃഥ്വിരാജ് സുകുമാരൻ

ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത് മികച്ച പ്രേക്ഷകപ്രീതി നേടിയ കോമഡി എന്റർടൈനർ ചിത്രം ബ്രോ ഡാഡിയിലെ മോഹൻലാലിന്റെ വേഷത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്ന് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോൺ കാറ്റാടിയെന്ന ബിസിനസ്സ്‌കാരന്റെ കഥാപാത്രത്തെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്.
“മമ്മൂക്കയോടാണ് ആദ്യം ബ്രോ ഡാഡിയുടെ കഥ പറയുന്നത്, ഒരു കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ, ക്രിസ്ത്യൻ കുടുംബത്തിലെ തോട്ടം ഉടമയായ ഒരു കഥാപാത്രമാക്കി ജോൺ കാറ്റാടിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു എന്റെ ആഗ്രഹം. അതിലെ പ്രണയരംഗങ്ങളൊക്കെ അദ്ദേഹം ചെയ്യുമ്പോൾ വളരെ ക്യൂട്ട് ആയി തോന്നുമെന്ന ധാരണയിൽ ഞാൻ മമ്മൂക്കയോട് കഥപറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഡേറ്റ് ഇഷ്യൂ കാരണം അദ്ദേഹത്തിന് ആ ചിത്രം ചെയ്യാൻ സാധിച്ചില്ല” പൃഥ്വിരാജ് പറഞ്ഞു.

ബ്രോ ഡാഡിയിൽ മോഹൻലാലിന്റേയും മീനയുടെയും മകന്റെ വേഷത്തിൽ പൃഥ്വിരാജും പ്രത്യക്ഷപ്പെട്ടിരുന്നു. വീട്ടുകാർ അറിയാതെ ലിവിങ് ടുഗെദറിൽ ഏർപ്പെടുമ്പോൾ നായിക ഗർഭിണിയാണെന്നറിയുകയും, വിവരം വീട്ടിലറിയിക്കാൻ ശ്രമിക്കുമ്പോൾ പൃഥ്വിരാജിന്റെ കഥാപാത്രം തന്റെ അച്ഛനും അമ്മയും വീണ്ടുമൊരു കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നുവെന്നറിയുകയും ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.
എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ ഭരധ്വാജ് രംഗനുമായി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. മാർച്ച് 27 വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മൂന്നര മിനുട്ട് ദൈർഘ്യം വരുന്ന ട്രെയ്‌ലർ അടുത്ത് തന്നെ പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചെന്നൈയിൽ ലൂസിഫറിന്റെയും എമ്പുരാന്റെ ടീസറിന്റെയും സ്പെഷ്യൽ സ്ക്രീനിംഗ് പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.

Story Highlights :Mammootty was supposed to do Bro Daddy first; Prithviraj Sukumaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here