Advertisement

ഇയര്‍ബാലന്‍സ് നഷ്ടമാകുന്ന രോഗാവസ്ഥ; തന്റെ സുഹൃത്തിന്റെ പ്രശ്‌നം നിസാരമായി മാറ്റിയ ഡോക്ടര്‍; ഡോ. രവിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

19 hours ago
Google News 2 minutes Read

സുഹൃത്തിന്റെ ആരോഗ്യ പ്രശ്നം അനാസായമായി ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടറെ പ്രശംസിച്ച് നടൻ മോഹൻലാൽ. നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം പരിഹരിച്ച ഡോക്ടര്‍ രവിയെ കുറിച്ചാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

അടുത്തിടെ കണ്ടുമുട്ടിയപ്പോഴാണ്, ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളുടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായതെന്ന് മോഹൻലാൽ കുറിപ്പിൽ പറയുന്നു.

സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നതെന്നും മോഹൻലാൽ കുറിച്ചു. നിസ്വാര്‍ഥ പ്രതീകമായാണ് ഡോ. രവിയെന്നും ഇത്തരം മനുഷ്യരാണ് ഹീറോകളെന്നും കുറിക്കുന്നു. ഡോക്ടറിനൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം
“ജീവിതയാത്രയില്‍ അവിചാരിതമായി നമ്മള്‍ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടര്‍ രവി. ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്. ഡോക്ടറെ നേരില്‍ക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയ കൂട്ടത്തില്‍ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് വിദൂരത്തിരുന്ന്, ഓണ്‍ലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായത്. തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോള്‍ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്.നിസ്വാര്‍ത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരന്‍ ദീര്‍ഘായുസ്സും മംഗളങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു,” മോഹൻലാൽ കുറിച്ചു.

Story Highlights : mohanlal praises dr ravi curing friends ear balance problem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here