Advertisement

“അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്”; ആശാ സമരത്തിനെതിരെ എ വിജയരാഘവന്‍

March 19, 2025
Google News 1 minute Read

ആശാ സമരത്തിനെതിരെ അധിക്ഷേപവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളൊന്നുമല്ല. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് പണവും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്. അവര്‍ പോവുകയൊന്നുമില്ല. ആറുമാസത്തെ സമരമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന് മൂന്നാമതൊരു ഭരണം വരുന്നത് തടുക്കാനുള്ള വലിയ പരിശ്രമം ഇവിടുത്തെ എല്ലാ പ്രതിലോമ ശക്തികളും നടത്തുകയാണ്. അതിനു വേണ്ടി അവര്‍ പാവപ്പെട്ടവരെ ഉപയോഗിക്കുകയാണ്. ആശാ വര്‍ക്കര്‍മാരുടെ ഒരു സമരം നടക്കുന്നുണ്ട്. യഥാര്‍ത്ഥ ആശകളൊന്നുമല്ല. കുറച്ചുപേരെ കാശുകൊടുത്ത് അവിടെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. ഇവിടെ പത്തിരുപതിനായിരം ആശയുണ്ട്. അവരൊന്നും സമരത്തിനില്ല. കാശും കൊടുത്ത് ചോറും കൊടുത്ത് ചിലരെ അവിടെ സ്ഥിരമായി കിടത്തിയിരിക്കുകയാണ്. ആറ് മാസത്തേക്കുള്ള സമരമാണ്. അവരവിടെ നിന്ന് പോവുകയൊന്നുമില്ല. ആശ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. പാവപ്പെട്ട മനുഷ്യരെ ഇങ്ങനെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തി ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള ആയുധമാക്കുന്നതിനുള്ള ഗൂഢാലോചന കേരളത്തില്‍ നടക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ആശകളുടെ സമരം പിണറായിക്ക് എതിരായി സെക്രട്ടറിയേറ്റിന് മുന്നിലാണെന്നും എന്നാല്‍ ഇവരെ നിയമിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. സമരം നടത്തേണ്ടത് മോദിക്ക് എതിരായിട്ടല്ലേ. മോദിയല്ലെ ആശമാരുടെ ശമ്പളം തീരുമാനിക്കേണ്ടത്. അത് കേന്ദ്രാവിഷ്‌കൃത പദ്ധതിയല്ലേ. കേന്ദ്രത്തിന്റെ പദ്ധതിയില്‍ കൂലി തീരുമാനിക്കുന്നതും കേന്ദ്രമല്ലേ. അവരെ സ്ഥിരപ്പെടുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഇല്ലല്ലോ. കേരള ഗവണ്‍മെന്റിന് നിശ്ചയിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ വച്ചുകൊണ്ടല്ല ഈ സമരം. ഇന്ത്യാ രാജ്യത്ത് ആശകള്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് കേരളത്തിലാണ്. ബാക്കിയുള്ളയിടത്തൊക്കെ കുറവാണ്. അവിടെയൊന്നും സമരമില്ല. എന്താണ് അതിന്റെ അര്‍ത്ഥം. എല്‍ഡിഎഫ് ഗവണ്‍മെന്റിന് എതിരായി കളവ് പ്രചരിപ്പിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിച്ച്, ദുര്‍ബലപ്പെടുത്താന്‍ ഏറ്റവും സാധാരണക്കാരെ തന്നെ ഉപയോഗിക്കുകയാണ്- അദ്ദേഹം വിമര്‍ശിച്ചു.

Story Highlights : A Vijayaraghavan against Asha Workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here