പാനൂരില്‍ സിപിഐഎം നേതാക്കള്‍ക്ക് ലഹരി സംഘത്തിന്റെ ഭീഷണി; ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊലവിളി

കണ്ണൂര്‍ പാനൂരില്‍ സിപിഐഎം നേതാക്കള്‍ക്ക് ലഹരി- ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കൊലവിളി നടത്തിയെന്നാണ് പരാതി. അരയാക്കൂലില്‍ നടത്തിയ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയായിരുന്നു സംഭവം. സിപിഐഎം ചമ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രകടനവും പൊതുയോഗവും നടത്തി. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഐഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണിയുണ്ടായത്. സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘമുള്‍പ്പടെ ഇതിന് പിന്നിലുണ്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്. വിഷയത്തില്‍ സിപിഐഎം ചമ്പാട് ലോക്കല്‍ കമ്മറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Read Also: കണ്ണൂരില്‍ ലഹരി പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഭീഷണി
അതേസമയം, കണ്ണൂരില്‍ തന്നെ ലഹരി പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെയും ഭീഷണിയുയര്‍ന്നു. മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഞ്ചായത്ത് പരിധിയില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ലഹരി വില്‍പ്പനക്കാരുടെ വിവരം പൊലീസിന് നല്‍കിയതാണ് പ്രകോപിപ്പിച്ചത്.
ലഹരി മാഫിയ നാട്ടില്‍ പിടിമുറിക്കിയതോടെയാണ് ജനകീയ പ്രതിരോധം തീര്‍ക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ധീര എന്ന പേരില്‍ ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. ഇതില്‍ അംഗങ്ങളായി 800ലധികം പേരുണ്ട് . ലഹരി വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തേടി സംഘം ഇറങ്ങി. പൊലീസ് കൂടി ചേര്‍ന്നതോടെ അടുത്ത കാലത്ത് ലഹരി വില്‍പ്പനക്കാരായ 15 പേരെ പിടികൂടാനായി. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവര്‍ത്തകര്‍ ഇടിച്ചു നിരത്തി. പിന്നാലെ ഭീഷണിയുമായി ലഹരി സംഘം എത്തുകയായിരുന്നു.
Story Highlights : CPIM leaders in Panoor face threats from drug gang
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here