Advertisement

കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

March 23, 2025
Google News 2 minutes Read
rajeev

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. ഇനി കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് അവതരിപ്പിക്കും. തിരുവനന്തപുരത്ത് ഹോട്ടല്‍ ഹൈസിന്തില്‍ ആണ് യോഗം. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് കേന്ദ്ര തീരുമാനം കോര്‍ കമ്മിറ്റിയെ അറിയിക്കുക. അതിനു ശേഷം നാമനിര്‍ദേശ പത്രിക നല്‍കും. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാനഅധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

വ്യവസായിയായ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ജനവിധി തേടിയിരുന്നു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനും കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറിലൂടെ പാര്‍ട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും യുവാക്കളെ സ്വാധീനിക്കാനും കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

Read Also: മുണ്ട് മുറുക്കിക്കോളൂ…! സാമ്പത്തിക പ്രതിസന്ധി നേരിടാൻ ക‍ർശന നിയന്ത്രണങ്ങളുമായി ധനവകുപ്പ്

കേരള രാഷ്ട്രീയത്തില്‍ ഏറെയൊന്നും പ്രവര്‍ത്തന പരിചയമില്ലാത്ത രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കുകവഴി വലിയ പരീക്ഷണത്തിനാണ് ബിജെപി ദേശീയ നേതൃത്വം ഒരുങ്ങുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം. അതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. അടുത്തിടെ പാര്‍ട്ടിയില്‍ രൂപപ്പെട്ട ഗ്രൂപ്പ് സമവാക്യങ്ങളെ അതിജീവിക്കുക എന്നതും രാജീവ് ചന്ദ്രശേഖറിന് മുന്നിലെ വെല്ലുവിളിയാണ്.

1964ല്‍ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറും വല്ലി ചന്ദ്രശേഖറുമാണ് മാതാപിതാക്കള്‍. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ അദ്ദേഹം ചിക്കാഗോയിലെ ഇല്ലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസും സ്വന്തമാക്കി. ഇന്ത്യയിലെ ഒരു പ്രമുഖ ടെക് കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കയിലും ജോലി ചെയ്തു. ഇന്റലില്‍ ഡിസൈന്‍ എന്‍ഞ്ചിനീയര്‍ ആന്‍ഡഡ് സിപിയു ആര്‍ക്കിടെക്റ്റ് ആയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് 1990കളില്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി. 2005ലാണ് ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ രൂപീകരിച്ച് ബിസിനസ് സാമ്രാജ്യം വിപുലമാക്കുന്നത്.

2006ലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായിരുന്നു. 2021 – 2024 കാലഘട്ടത്തില്‍ മോദി മന്ത്രി സഭയില്‍ അംഗമായി. ടെക്ക്, നിര്‍മിത ബുദ്ധി, ഡാറ്റ പ്രൈവസി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ പ്രതിച്ഛായ കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

Story Highlights : Rajeev Chandrasekhar to be BJP state president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here